തിരുവനന്തപുരം: കഴിഞ്ഞ ദിവസം 15 ദിവസം മാത്രം പ്രായമുള്ളകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലൻസ് ചീറി പാഞ്ഞപ്പോൾ സമാനതകളില്ലാത്ത പ്രാർത്ഥനയുമായാണ് കേരളം കാത്തിരുന്നത്. തെരുവോരങ്ങളെല്ലാം ഒരേ മനസ്സാൽ ആംബുലൻസിന് വേണ്ടി വഴിമാറിയപ്പോൾ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം പിഞ്ചോമനയ്ക്കൊപ്പം നിന്നു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വർഗീയത കലർന്ന കുറിപ്പെഴുതുകയുമായിരുന്നു ബിനിൽ സോമസുന്ദരം എന്ന യുവാവ്.
ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനിൽ സോമസുന്ദരം ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ, ആ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ് ബിനിൽ. തന്റെ വാദം പിഴച്ചു എന്ന മനസിലായപ്പോൾ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റുമിട്ടു. പോസ്റ്റിന് താഴെ ഇയാൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബിനിലിന്റെ പരമാർശം വിവാദമായതോടെ സോഷ്യൽമീഡിയകളിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.