news

1. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമര്‍ശത്തില്‍ പരാതി നല്‍കി സി.പി.എം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നല്‍കിയത്. എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും സി.പി.എം നേരിട്ടുമാണ് പരാതി നല്‍കിയത്. മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലെ മോദിയുടെ പ്രസംഗങ്ങളെ ചൂണ്ടിക്കാട്ടിയാണ് സി.പി.എം നടപടി



2. കേരളത്തിലെ കോഴിക്കോട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയുടെ പേര് ഉന്നയിക്കാതെ ആചാര സംരക്ഷണത്തിനെക്കുറിച്ച് സംസാരിച്ചിരുന്നു. മോദിയുടെ ഈ ശൈലിയെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മംഗലാപുരത്തും ബംഗളൂരും നടത്തിയ പ്രസംഗത്തില്‍ ശബരിമല ഉന്നയിച്ചായിരുന്നു മോദിയുടെ പ്രചാരണം.

3. രണ്ടാം ദിവസത്തെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാപനാശിനിയില്‍ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി. രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും പേരിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തത്.

4. സുരക്ഷാ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും അടക്കം ചുരുക്കം ചിലര്‍ മാത്രമാണ് രാഹുലിനൊപ്പം പാപനാശിനിയില്‍ എത്തിയത്. സ്വന്തം മണ്ഡലമായ വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പ് തിരുനെല്ലി ക്ഷേത്രം ദര്‍ശനം നടത്തണമെന്ന് രാഹുല്‍ നേരത്തെ തീരുമാനിച്ചിരുന്നു. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലയില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ക്ഷേത്ര ദര്‍ശനം നടത്താന്‍ ആഗ്രഹം പ്രകടപ്പിച്ചിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ കാരണം സാധിച്ചിരുന്നില്ല.

5. ഇതിന് ശേഷം വയനാട്ടിലെ ആദ്യ യോഗം സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. തിരുവമ്പാടിയിലും വണ്ടൂരിലും പൊതു യോഗത്തിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ എസ്.പി.ജിയുടെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് തിരുനെല്ലിയും സുല്‍ത്താന്‍ ബത്തേരിയും. വയനാട് മണ്ഡലത്തിലെ പര്യടനത്തിന് ശേഷം രാഹുല്‍ പാലക്കാട്ടെ തൃത്താലയിലേക്ക് പോകും

6. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരായ മോശം പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് കുരുക്ക് മുറുകുന്നു. വിജയരാഘവന് എതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ ഹര്‍ജി നല്‍കി. നീക്കം, പൊന്നാനിയില്‍ നടന്ന പെതു യോഗത്തില്‍ അധിക്ഷേപിച്ച് സംസാരിച്ച വിജയരാഘവന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന്

7. രമ്യയുടെ മൊഴി എടുത്ത അന്വേഷണസംഘം നിയമോപദേശത്തിനായി കാത്തിരിക്കുക ആണെന്ന് ആണ് നടപടി എടുക്കാത്തതിലെ വിശദീകരണം. ആലത്തൂര്‍ ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ നിലവില്‍ അന്വേഷണം നടത്തുന്നത് തിരൂര്‍ ഡിവൈ.എസ്.പി ടി.ബിജു ഭാസ്‌കറാണ്. പൊന്നാനിയില്‍ മാത്രമല്ല കോഴിക്കോട്ടും തനിക്ക് എതിരെ നടത്തിയ പരാമര്‍ശം ആസൂത്രിതമെന്ന് രമ്യയുടെ ആരോപണം

8. ഫേസ്ബുക്കിനും വാട്സ് ആപ്പിനും പിന്നാലെ യുവതലമുറ ഏറ്റെടുത്ത ടിക്ക് ടോക്ക് ആപ്പിന് തിരിച്ചടി. ചൈനീസ് വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി. നടപടി, രാജ്യത്തിന് ഭീഷണി ആയ ടിക് ടോക് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയവും ഗൂഗിളിനും ആപ്പിളിനും നിര്‍ദേശം നല്‍കിയതിന് പിന്നാലെ

9. ടിക് ടോക് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധിക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതിയും വിസമ്മതിച്ചിരുന്നു. ഗൂഗിളിന്റെ നീക്കം, ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി വ്യാപകമായതോടെ. മധുര സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും ആയ അഡ്വ. മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നത്. സൈബര്‍ കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ടിക് ടോക് കാരണം ആകുന്നു എന്നും ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തണം എന്നും പ്രധാന ആവശ്യം

10. 17ാം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. 13 സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 18 നിയമസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ സീറ്റിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

11. രാഷ്ട്രപതിയുടെ നടപടി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരം. തമിഴ്നാട്ടിലെ മറ്റ് സീറ്റുകളിലെ വോട്ടെടുപ്പ് നാളെ പൂര്‍ത്തിയാകും. കര്‍ണ്ണാടകത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പും നാളെ നടക്കും. ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും നാളെയാണ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, പ്രജ്വല്‍ രേവണ്ണ, സദാനന്ദ ഗൗഡ, വീരപ്പ മൊയ്ലി തുടങ്ങിയവര്‍ കര്‍ണാടകത്തില്‍ ജനവിധി തേടുന്നു.

12. തമിഴ്നാട്ടിലെ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്നലെ ഡി.എം.കെ നേതാവും തൂത്തുക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും നടത്തിയ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വിവാദം പുകയുന്നു. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്ന റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡി.എം.കെയുടെ ആരോപണം. മൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്ന് ആദായ നികുതി വകുപ്പ്