തൊടുപുഴ: കേരളത്തിൽ നിന്നും ഒരൊറ്റ ബി.ജെ.പി നേതാവ് പോലും പാർലമെന്റിൽ എം.പിയായി പോകരുതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വലിയ തോതിൽ ആക്രമണത്തിന് ഇരയാവുകയാണ്. അവർക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അദ്ദേഹം പറഞ്ഞു തൊടുപുഴയിൽ എൽ.ഡി.എഫിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുന്നത് എന്തിനാണെന്നും യെച്ചൂരി ചോദിച്ചു. സി.പി.എമ്മിനെയാണോ ബി.ജെ.പിയെയാണോ രാഹുൽ എതിർക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ടുനിരോധനം വൻ പരാജയമാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നതായും അദ്ദേഹം ആരോപിച്ചു. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് 50 ലക്ഷം പേർക്ക് ജോലി നഷ്‌ടമായെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു യെച്ചൂരിയുടെ ആക്രമണം. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും രാജ്യത്തെ യുവാക്കളുടെ തൊഴിൽ ഇല്ലാതാക്കിയതിന് മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനം എത്ര വലിയ ദുരന്തമാണെന്ന് അംഗീകരിക്കാതെ മുറിവിൽ എണ്ണപുരട്ടുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. വ്യാജ വാഗ്‌ദ്ധാനങ്ങൾക്ക് വേണ്ടി പൊതുപണം ധാരാളമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.