-rahul-gandhi
വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച തിര‌ഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ എത്തിയപ്പോൾ ഫോട്ടോ: മനു മംഗലശേരി

കൽപ്പറ്റ: തനിക്ക് മത്സരിക്കാൻ ഏറ്റവും യോജ്യമായ മണ്ഡലമാണ് വയനാടെന്നും ദക്ഷിണേന്ത്യയും ഇതര പ്രദേശങ്ങൾക്കൊപ്പം പ്രാധാന്യമുള്ളതാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സമാധാനപരമായ സഹവർത്തിത്വത്തിന് ഉദാഹരണമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാത്രി യാത്രാ നിരോധനം,​ വന്യ ജീവി പ്രശ്നം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജീവിതകാലം മുഴുവൻ വയനാടിനൊപ്പം ഉണ്ടാവുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

"സ്നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചു കൊടുക്കണം. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. തനിക്ക് മൽസരിക്കാൻ ഏറ്റവും യോജ്യമായ സ്ഥലമാണ് വയനാട്. സമാധാനപരമായ സഹവർത്തിത്വത്തിന് ഉദാഹരണമാണു കേരളം. വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഒന്നും അടിച്ചേൽപ്പിക്കില്ല. കുറച്ചുനാളുകളിലേക്കല്ല ജീവിതമൊട്ടാകെ നിങ്ങൾക്കൊപ്പം തുടരാനാണ് ഞാൻ ആഗ്രിക്കുന്നത്" – രാഹുൽ ഗാന്ധി പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കണ്ണൂരിലെ നേതൃയോഗത്തിനുശേഷം തിരുനെല്ലിയിലെത്തിയ രാഹുൽ ഗാന്ധി പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടി ബലിതർപ്പണം നടത്തിയിരുന്നു. പാപനാശിനിയിലെത്തിയാണ് രാഹുൽ ബലിതർപ്പണം നടത്തിയത്. കെ.പി.സി.സി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.