ബെയ്‌ജിംഗ്: ചൈന തളർച്ചയുടെ ട്രാക്കിലാണെന്ന നിരീക്ഷകരുടെ വാദങ്ങൾ പാളി. പ്രവചനങ്ങളെല്ലാം കാറ്രിൽപ്പറത്തി 2019ന്റെ ആദ്യപാദമായ ജനുവരി-മാർച്ചിൽ ചൈനീസ് ജി.ഡി.പി 6.4 ശതമാനം വളർന്നു. ചൈന, 6.3 ശതമാനം മാത്രമേ വളരൂവെന്നും അത് 27 വർഷത്തെ ഏറ്റവും മോശം പ്രകടനമായിരിക്കുമെന്നുമാണ് റോയിട്ടേഴ്‌സ് ഉൾപ്പെടെ വിലയിരുത്തിയിരുന്നത്.
എന്നാൽ, വളർച്ചയുടെ സൂചകങ്ങളായ വ്യാവസായിക ഉത്‌പാദനം മാർച്ചിൽ നാലര വർഷത്തെ ഉയരമായ 8.5 ശതമാനമായി കുതിച്ചുയർന്നു. നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത് 5.3 ശതമാനം വളർച്ചയാണ്. റീട്ടെയിൽ വില്‌പന 8.2 ശതമാനത്തിൽ നിന്ന് 8.7 ശതമാനമായും വളർന്നു. 6.3 ശതമാനമാണ് നിക്ഷേപ വളർച്ച. 2019ൽ റോയിട്ടേഴ്‌സ് വിലയിരുത്തുന്ന ചൈനീസ് ജി.ഡി.പി വളർച്ച 6.2 ശതമാനമാണ്. 30 വർഷത്തെ ഏറ്റവും മോശം വളർച്ചയായിരിക്കും അത്. ചൈനീസ് സർക്കാരിന്റെ വളർച്ചാ നിഗമനം 6.0-6.5 ശതമാനമാണ്.