fon

ന്യൂഡൽഹി: ചൈനയിൽ നിന്നുയർന്ന തിരിച്ചടിയിലും ആടിയുലയാതെ,​ 2018ലെ പ്രീമിയം സ്‌മാർട്‌ഫോൺ വിപണിയിൽ ആപ്പിളിന്റെ തേരോട്ടം. ചൈനയിൽ വില്‌പന ഇടിഞ്ഞതുമൂലം ഉത്‌പാദനം നിറുത്തിവച്ചിട്ടും 2018ൽ 51 ശതമാനം വിപണി വിഹിതത്തോടെ ആപ്പിൾ ആഗോള തലത്തിൽ ഒന്നാമതെത്തിയെന്ന് ഗവേഷണ സ്ഥാപനമായ കൗണ്ടർ പോയിന്റ് വ്യക്തമാക്കി. എക്‌സ് ശ്രേണിയിൽ ആപ്പിൾ പുറത്തിറക്കിയ പുതിയ ഐഫോണുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് കഴിഞ്ഞവർഷം നേട്ടമായത്.

22 ശതമാനം വിഹിതവുമായി സാംസംഗ് രണ്ടാമതും 10 ശതമാനം വിഹിതമുള്ള ചൈനീസ് കമ്പനി ഹുവാവേ മൂന്നാമതുമാണ്. ഓപ്പോ (6 ശതമാനം)​,​ വൺപ്ളസ് (രണ്ടു ശതമാനം)​ എന്നിവയാണ് ടോപ് 5ൽ ഇടംപിടിച്ച മറ്റ് കമ്പനികൾ. മൊത്തം സ്‌മാർട്ഫോൺ വില്‌പന 2018ൽ രണ്ടു ശതമാനം ഇടിഞ്ഞു. എന്നാൽ,​ പ്രീമീയം സ്‌മാർട്‌ഫോൺ വില്‌പന 18 ശതമാനം വളർന്നു. 2017ൽ ആപ്പിളിന്റെ വിഹിതം 58 ശതമാനം ആയിരുന്നു. വൺപ്ളസ് ആദ്യമായാണ് ടോപ് 5ൽ എത്തുന്നത്. ഇന്ത്യയിൽ കഴിഞ്ഞവർഷം ഏറ്റവും മുന്നിലെത്തിയത് സാംസംഗാണ്. വൺപ്ളസ്,​ ആപ്പിൾ,​ ഹുവാവേ,​ വിവോ എന്നിവയാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.