ന്യൂഡൽഹി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയായ വിപ്രോ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസത്തിൽ (ജനുവരി-മാർച്ച്) 2,483.5 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 2,510.4 കോടി രൂപയേക്കാൾ 1.07 ശതമാനം കുറവാണിത്. മൊത്തം വിറ്റുവരവ് 15,059.5 കോടി രൂപയിൽ നിന്ന് 0.35 ശതമാനം താഴ്‌ന്ന് 15,006.30 കോടി രൂപയായി.
അതേസമയം 10,500 കോടി രൂപയുടെ ഓഹരികൾ നിക്ഷേപകരിൽ നിന്ന് തിരികെ വാങ്ങാൻ വിപ്രോയുടെ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. മൊത്തം പെയ്ഡ്-അപ്പ് ഓഹരികളുടെ 5.35 ശതമാനമാണിത്. ഓഹരിയൊന്നിന് 325 രൂപ വീതം നൽകി 32.30 കോടി ഓഹരികളാണ് തിരികെവാങ്ങുന്നത്.