cash

തമിഴ്നാട്: വോട്ടെടുപ്പിന് മണിക്കുറുകൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്. റെയ്ഡിൽ വോട്ടർമാർക്ക് നൽകാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. ടി.ടി വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) എന്ന പാർട്ടിയുടെ നേതാവിന്റെ പക്കൽ നിന്നാണ് കണക്കിൽ പെടാത്ത ഇത്രയധികം തുക പിടികൂടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആണ്ടിപ്പെട്ടി മണ്ഡലത്തിൽ നിന്നാണ് ഇത്രയധികം തുക കണ്ടെത്തിയത്. 94 പൊതികളിലാണ് പണം സൂക്ഷിച്ചിരുന്നത്.

മണ്ഡലത്തിലെ വാർഡുകളുടെ നമ്പറുകളും ഓരോ വാർഡുകളിലെയും വോട്ടർമാരുടെ എണ്ണവും ഈ കവറുകളിൽ രേഖപ്പെടുത്തിയിരുന്നു. ആളൊന്നിന് 300 രൂപ എന്ന കണക്കിൽ നൽകാനായിട്ടാണ് പണം സൂക്ഷിച്ചിരുന്നതെന്നും ആദായനികുതി വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, റെയ്ഡ് നടത്താനെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച എ.എം.എം.കെ പ്രവർത്തകരെ നേരിടാൻ പൊലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു. പിന്നാലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഫ്ളയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ചെയ്തു. ഇതോടെ പണം സൂക്ഷിച്ചിരുന്ന ഷോപ്പ് പൂട്ടി പ്രവർത്തർ രക്ഷപ്പെട്ടു. എന്നാൽ, നാല് പാർട്ടി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനധികൃത പണം കണ്ടെത്തിയതിനെ തുടർന്ന് വെല്ലൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ തീരുമാനം വന്നതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ആണ്ടിപ്പെട്ടിയിൽ നിന്ന് ഇത്രയധികം തുക പിടികൂടുന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലർച്ചെ 5.30 നാണ്. വെല്ലൂരിലെ ഡി.എം.കെ സ്ഥാനാർത്ഥിയുടെ ഗോഡൗണിൽ നിന്ന് 11.5 കോടി രൂപയാണ് ആദായനികുതി വകുപ്പ് ഏപ്രിൽ 10ന് പിടികൂടിയത്. അതിന് ശേഷം പിടികൂടുന്ന ഏറ്റവും വലിയ തുകയാണ് ഇത്.