teeka-ram-meena-

തിരുവനന്തപുരം: ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ തയ്യാറാകാത്ത സ്ഥാനാർത്ഥികൾക്ക് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പരസ്യപ്പെടുത്താൻ നൽകുന്നതിന്റെ ചെലവ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. എല്ലാ സ്ഥാനാർത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരം പത്രത്തിലും ടെലിവിഷനിലും പരസ്യം ചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. കഴിഞ്ഞ സെപ്തംബറിൽ സുപ്രീംകോടതിയുടെ അ‍ഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്.

അതാത് ജില്ലകളിൽ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിൽ വോട്ടടുപ്പിന് 48 മണിക്കൂർ മുൻപ് മൂന്ന് തവണ പരസ്യം നൽകിയിരിക്കണം. ടെലിവിഷനിൽ 7 സെക്കന്റ് ദൈർഘ്യമുള്ള പരസ്യമാണ് നൽകേണ്ടത്. ഈ ഉത്തരവ് നടപ്പിലാക്കാൻ സുപ്രീംകോടതിയുടെ കർശന നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് പ്രമുഖ രാഷ്ട്രീയ കക്ഷികൾ.

75 ലക്ഷം രൂപയാണ് സ്ഥാനാർത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതിൽ ഉൾക്കൊള്ളിക്കുമ്പോൾ, തിരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലനാണ് പാർട്ടികളുടെ ആക്ഷേപം. എന്നാൽ, സുപ്രീംകോടതിയുടെ ഉത്തരവിൽ ഇളവ് നൽകാൻ തിരഞ്ഞടുപ്പ് കമ്മീഷന് കഴിയില്ല. സ്ഥാനാർത്ഥികൾ പുറമെ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളുടെ പേരിലുളള കേസ് വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. വോട്ടെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.