സ്‌കൂൾ ജീവിതത്തിൽ അദ്ധ്യാപകനിൽ നിന്നും ഏൽക്കേണ്ടി വന്ന ലൈംഗിക പീഡനത്തെപ്പറ്റി തുറന്ന് പറഞ്ഞ മകളുടെ കുറിപ്പ് അച്ഛൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഹ്യൂമൻസ് ഓഫ് പാട്രിയാർക്കി എന്ന പേജിലൂടെയാണ് ഈ തുറന്നെഴുത്ത്. തന്റെ മകൾക്ക് നേരിടേണ്ടി വന്ന പീഡനവും അതിന് ശേഷം അവൾ അനുഭവിച്ച വേദനയും മറ്റുള്ളവർ അറിയണം എന്ന കുറിപ്പോടെയാണ് പെൺകുട്ടിയുടെ അച്ഛൻ ഇത് പങ്ക് വച്ചത്. പീഡകരെ പേടിച്ച് ഇര ഒളിക്കേണ്ട കാലം ഇനിയില്ലെന്നും മകളുടെ പോരാട്ടത്തിൽ അഭിമാനമുണ്ടെന്നും കുറിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മറ്റുള്ളവരോട് പ്രത്യേകിച്ച് അപരിചിതരോട് ഇടപെടുമ്പോൾ സൂക്ഷിക്കണമെന്ന ഉപദേശം രക്ഷിതാക്കളിൽ നിന്നും ലഭിച്ചിരുന്നെങ്കിലും കണക്ക് പഠിപ്പിക്കാനായി എത്തിയിരുന്ന അമ്പത് വയസ് പ്രായമുള്ള അദ്ധ്യാപകൻ അങ്ങനെ പെരുമാറുമെന്ന് ചിന്തിക്കാൻ അവർക്കാകുമായിരുന്നില്ല. കണക്ക് വിഷയം പഠിക്കുവാൻ പിന്നിലായതുകൊണ്ടാണ് രക്ഷിതാക്കൾ ആ വിഷയത്തിൽ ട്യൂഷൻ ഏർപ്പെടുത്തിയത് എന്നാൽ അത് ഇത്തരം മോശം സ്വഭാവമുള്ളയാളാകുമെന്ന് കരുതിയില്ല.
തന്റെ അദ്ധ്യാപകനെ കുറിച്ച് പെൺകുട്ടിയുടെ വാക്കുകൾ ഇത്തരത്തിലാണ്. വെള്ള വസ്ത്രമണിഞ്ഞ് ഒരു ചെറുചിരിയോടു കൂടിയാണ് അയാൾ എപ്പോഴും നടക്കുന്നത്. എന്നാൽ ആ നടപ്പ് ഒരു കള്ളന്റേതായിരുന്നെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. അയാളുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് ഓക്കാനും വരാറുണ്ട്. അയാളുടെ മോശം സ്പർശങ്ങളിൽ എന്നിലെ കുട്ടിത്തം ഇല്ലാതായി. നീണ്ട അഞ്ചു വർഷം കഴിഞ്ഞിട്ടും അതൊന്നും മറക്കാനാകുന്നില്ല. ഒരു ആൺകുട്ടിയെ പ്രണയിക്കുന്നതോ ചുംബിക്കുന്നതോ എനിക്കു സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. ഓരോ പുരുഷനിലും ഞാൻ കാണുന്നത് അയാളുടെ വൃത്തിക്കെട്ട മുഖമായിരുന്നു.
ഇനിയും മിണ്ടാതിരിക്കുവാനാവുന്നില്ലെന്നും അയാളിപ്പോഴും കുട്ടികൾക്ക് ക്ലാസ് എടുക്കുന്നുണ്ടെന്നും കുറുപ്പിലുണ്ട്.