തമിഴ്നാട്ടിലെ വെല്ലൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഇലക്ഷൻ കമ്മിഷന്റെ നടപടി പണക്കൊഴുപ്പിന്റെ ബലത്തിൽ ജനാധിപത്യത്തെ വിലയ്ക്കു വാങ്ങാമെന്നു കരുതുന്ന രാഷ്ട്രീയ മേലാളന്മാർക്കുള്ള ശക്തമായ താക്കീതാണ്. തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ, ഇലക്ഷൻ കമ്മിഷൻ കഴിഞ്ഞദിവസം കൈക്കൊണ്ട തീരുമാനം ജനാധിപത്യവിശാസികളെല്ലാം സ്വാഗതം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യയിൽ ആദ്യമായിട്ടാണ് വഴിവിട്ടുള്ള പണമിടപാടിന്റെ പേരിൽ ഒരു ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കുന്ന തീരുമാനത്തിന് കമ്മിഷൻ മുതിരുന്നത്. കമ്മിഷന്റെ ശുപാർശ അംഗീകരിക്കാൻ രാഷ്ട്രപതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.ഇതിനെതിരെ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി ഇന്നലെ തള്ളിക്കളഞ്ഞതും ശ്രദ്ധേയമാണ്.
വെല്ലൂരിലെ ഡി.എം.കെ സ്ഥാനാർത്ഥി കതിർ ആനന്ദുമായി അടുപ്പമുള്ള ഒരു നേതാവിന്റെ ഗോഡൗണിൽ നിന്ന് പതിനൊന്നരക്കോടി രൂപയാണ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്.ഇവയെല്ലാം ഓരോ ബൂത്തുകളിലായി വിതരണം ചെയ്യാൻ പ്രത്യേകം പ്രത്യേകം പായ്ക്കറ്റുകളിലാക്കി ബൂത്ത് നമ്പർ സഹിതം പേരെഴുതി സൂക്ഷിച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ മാർച്ച് 30 ന് സ്ഥാനാർത്ഥിയുടെ പിതാവും ഡി.എം.കെ. ട്രഷററുമായ ദുരൈമുരുഗന്റെ വെല്ലൂരിലെ വസതിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന പത്തരലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനായി വ്യാപകമായ തോതിൽ പണം വിതരണം ചെയ്യുന്നുവെന്ന പൊലീസിന്റെ സൂചനയനുസരിച്ചായിരുന്നു ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയത്.എതിർ സ്ഥാനാർത്ഥികളുടെ അറകളിലും പണ്ടകശാലകളിലും റെയ്ഡ് നടത്തിയിരുന്നെങ്കിൽ ഇതുതന്നെയായിരുന്നേനെ സ്ഥിതി.
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവൃത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.പക്ഷേ അത് എല്ലാ സീമകളും ലംഘിച്ച് പണാധിപത്യത്തിന്റെ സർവ ദ്രംഷ്ടകളും പുറത്തെടുത്തുകഴിഞ്ഞു.ഈ തിരഞ്ഞെടുപ്പ് കാലയളവിൽ ഇതിനോടകം 200 കോടിയലധികം രൂപയുടെ കള്ളപ്പണവും 112 കിലോ സ്വർണവും 660 കിലോ വെള്ളിയും തമിഴ്നാട്ടിൽ മാത്രമായി വിവിധ പാർട്ടികളുടെ ഓഫീസുകളിൽ നിന്നും അവരുമായി അടുപ്പമുള്ള ബിനാമികളിൽ നിന്നും പിടിച്ചെടുത്തുകഴിഞ്ഞു.മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കണക്ക് ഇതിനുപുറമെയാണ്. പണവും മറ്റ് ഉപഹാരങ്ങളും നൽകി വോട്ടർമാരെ പ്രലോഭിപ്പിച്ചാണ് കക്ഷിവ്യത്യാസമില്ലാതെ സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നത്.
സുബ്രഹ്മണ്യഭാരതിയുടെ ഉജ്ജ്വലമായ സാംസ്കാരിക പാരമ്പര്യത്തിന്റെയും,പെരിയാറിന്റേയും,രാജാജിയുടേയും ,അണ്ണാദുരൈയുടേയും ,കാമരാജിന്റെയുമൊക്കെ ത്യാഗപൂർണ്ണമായ രാഷ്ട്രീയപാരമ്പര്യത്തിന്റെയും ചരിത്രംപേറുന്ന നാട് അവരുടെയെല്ലാം കാലശേഷം ശേഷം ഇന്ന് എത്തിനിൽക്കുന്ന പണക്കൊഴുപ്പിന്റേതായ അധഃപതനം അത്യന്തം നിരാശാജനകമാണ്.പണം രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിത്തുടങ്ങിയതോടെയാണ് ഈ പതനത്തിന് തുടക്കമായത്.
വോട്ടർമാർക്ക് നൽകാനുള്ള ഈ പണം രാഷ്ട്രീയപാർട്ടികൾക്ക് എങ്ങനെയാണ് ലഭിക്കുന്നത്.? സ്ഥാനാർത്ഥികൾക്കായി പണം മുടക്കുന്നവർ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന് പ്രതിഫലം ചോദിക്കുമെന്ന് ആർക്കാണ് അറിയാത്തത്.അഴിമതിയിലേക്ക് അത് നയിക്കുമെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിമാത്രം മതിയാകും.
തമിഴ്നാട്ടിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ലിത്.ഇന്ത്യയിലൊട്ടാകെ വൻതോതിലാണ് തിരഞ്ഞെുപ്പ് വേളയിൽ പണമൊഴുകുന്നത്.മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത പണം ഉദാഹരണമാണ്.ഒരു പരിധിവരെ കേരളം ഇതിനൊരപവാദമായി നിൽക്കുന്നുവെന്നത് ആശ്വാസകരമാണ്.എങ്കിലും ഈ തിരഞ്ഞെടുപ്പ് വേളയിൽ അതിർത്തി കടന്നെത്തിച്ച 18കോടിയുടെ കള്ളപ്പണവും, 1.65കോടിയുടെ സ്വർണം, 500കിലോയോളം കഞ്ചാവും, മയക്കുമരുന്നും ഇലക്ഷൻ കമ്മിഷൻ നിയോഗിച്ച പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു.
ഒരു ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന അനുവദനീയ തുക 70 ലക്ഷം രൂപയാണ്.എന്നാൽ 15 ഉം 20 ഉം കോടിരൂപയാണ് പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികൾ വിനിയോഗിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്.കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കിടയിൽ പ്രമുഖ പാർട്ടികൾ തിരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന തുകയിൽ 586 ഇരട്ടി വർദ്ധന ഉണ്ടായതായാണ് ആധികാരികമായ ഒരുപഠനത്തിൽ വ്യക്തമാക്കപ്പെട്ടത്.കോർപറേറ്റ് കമ്പനികൾ വിവിധപാർട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകുന്ന സംഭാവനയിലും വൻവർദ്ധനയുണ്ടായി.കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ സ്ഥിതി പരിശോധിച്ചാൽ സ്ഥാനാർത്ഥികളുടെ ആസ്തിയിലും ഭീമമായ കുതിച്ചുകയറ്റം പ്രകടമായി.ആന്ധ്രാപ്രദേശിൽ 2014 ൽ വിജയിച്ച നൂറുശതമാനം എം.പിമാരും കോടിപതികളായിരുന്നു.മണിപ്പൂർ,മേഘാലയ,ബംഗാൾ,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.എൽ.എമാരുടെ ആസ്തിയിൽ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ഇരട്ടിയിലേറെ വർദ്ധനയുണ്ടായി.പതിനാറാം ലോക്‌സഭയിലെ എം.പിമാരിൽ 442 പേരും കോടിപതികളാണ്.നിർഭാഗ്യകരമാണ് ഈ അവസ്ഥ.ഇലക്ഷൻ കമ്മിഷന്റെ ശക്തമായ ഇടപെടലുകളിലൂടെ മാത്രമെ ഈ പണമൊഴുക്കിന് അന്ത്യം കുറിക്കാനാവു.പണമൊഴുക്ക് തടയാനുള്ള റെയ്ഡുകൾ പക്ഷെ രാഷ്ട്രീയ പകപോക്കലായി മാറരുതെന്ന് മാത്രം.
മഹാത്മാഗാന്ധിയും അംബേദ്കറും ജീവശ്വാസം നൽകി കരുപ്പിടുപ്പിച്ച ഇന്ത്യൻ ജനാധിപത്യം ലോകത്തിനുതന്നെ മാതൃകയാണ്.അതിനെ പണാധിപത്യം വിഴുങ്ങാൻ ഒരുവിധത്തിലും അനുവദിക്കരുത്.ആ ഉത്തരവാദിത്ത്വം ഇലക്ഷൻ കമ്മിഷന്റേതു മാത്രമല്ല, ഓരോരാഷ്ട്രീയ പാർട്ടികളുടേയും,ഓരോ പൗരന്റേയും കടമകൂടിയാണ്.