കൊല്ലം: ആഴ്ചകളോളം ഇരവിപുരത്തുകാരുടെയും പരിസരവാസികളുടെയും ഉറക്കം കെടുത്തിയ തസ്‌കരവീരൻ പിടിയിലായി. വാളത്തുംഗൽ ആക്കോലിൽ കുന്നിൽ തെക്കതിൽ അഭിജിത്ത് (22) ആണ് പിടിയിലായത്. ബ്ളാക്ക് മാൻ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. തിങ്കളാഴ്ച വൈകിട്ട് പരവൂരിൽ നിന്ന് നാട്ടുകാരാണ് അഭിജിത്തിനെ പിടികൂടി പൊലീസിന് കൈമാറിയത്.
ഒന്നരമാസം മുമ്പ് അഭിജിത്ത് അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം ശാരീരികമായി ഉപദ്രവിച്ചിരുന്നു. ആക്രമണത്തിനിരയായ വീട്ടമ്മ അഭിജിത്തിനെ തിരിച്ചറിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും സമീപത്തെ വീടുകളിൽ വ്യാപകമായി മോഷണശ്രമം നടന്നതോടെയാണ് അഭിജിത്ത് നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയത്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വലവിരിച്ചതോടെ പ്രതി മുങ്ങിയെങ്കിലും നാട്ടുകാരുടെ ഭീതി അകന്നില്ല.
ഇരവിപുരത്ത് അറുപതുകാരിയെ പീഡിപ്പിച്ച് മാരകമായി മുറിവേൽപ്പിച്ച സംഭവത്തിലും മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ഭർത്താവിനെ നിലവിളക്കിന്റെ കൂർത്ത അഗ്രം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലും അഭിജിത്തിനെ പൊലീസ് പിടികൂടി ജയിലിലടച്ചിരുന്നു. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിൽ പുറത്തിറങ്ങിയാണ് ഇയാൾ ഇരവിപുരത്തും പരിസരത്തുമായി അക്രമ പരമ്പര തീർത്തത്.
പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയതോടെ അഭിജിത്ത് തിരുവനന്തപുരം ബാലരാമപുരത്തേക്ക് താമസം മാറി. ചില ജയിൽ ബന്ധങ്ങളാണ് അഭിജിത്തിനെ അവിടെ എത്തിച്ചത്.
2015ൽ പതിനെട്ട് വയസ് മാത്രം പ്രായമുള്ളപ്പോൾ പരവൂരിലെ വീട്ടിൽ നടത്തിയ മോഷണത്തിന് അഭിജിത്തിനെ അന്ന് പിടികൂടിയിരുന്നു. പിന്നീട് കോടതിയിൽ ഹാജാരാകാതിരുന്നതിനാൽ വാറണ്ടായി. ഈ കേസിൽ ഇന്നലെ പരവൂർ കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്തു. ചാത്തന്നൂരിലെ ഒരു മോഷണ കേസിലും ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ചാത്തന്നൂർ, ഇരവിപുരം, വർക്കല, അയിരൂർ പൊലീസ് അഭിജിത്തിനെ കസ്റ്റഡിയിൽ വാങ്ങും. പരവൂർ സി.ഐ അജിത്ത് കുമാർ, എസ്.ഐ ജോയിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. അഭിജിത്തിന്റെ പേരിൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടി കൊല്ലം സിറ്റി പൊലീസ് ആരംഭിച്ചു.
ബ്ലാക് മാൻ എന്ന പേരിട്ടത് നാട്ടുകാർ
മാസങ്ങളായി ഇരവിപുരം, മയ്യനാട് എന്നിവിടങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തുകയും സ്ത്രീകളെയും കുട്ടികളെയുമാകെ ഭീതിയിലാഴ്ത്തുകയും ചെയ്ത അപ്പുവെന്ന അഭിജിത്തിനെ പിടികൂടാനിറങ്ങിയ നാട്ടുകാരാണ് ഇയാൾക്ക് ബ്ലാക് മാൻ എന്ന് പേരിട്ടതെന്ന് പരവൂർ സി.ഐ. ജി.അജിത്ത്കുമാർ പറഞ്ഞു.
കറുത്ത പാന്റ്സും കറുത്ത ഷർട്ടും കറുത്ത തൊപ്പിയും ധരിച്ചായിരുന്നു മോഷണവും അതിക്രമവും നടത്തിയിരുന്നത്. പലപ്പോഴും കണ്ണുമാത്രമാണ് പുറത്ത് കണ്ടിരുന്നത്. രാത്രി പൂച്ചക്കണ്ണുപോലെ തിളങ്ങാൻ കണ്ണിൽ പ്രത്യേകതരം ലെൻസ് ഒട്ടിച്ചാണ് നടന്നിരുന്നത്. രാത്രി അനക്കംകേട്ട് ടോർച്ച് തെളിച്ചാൽ ഈ കണ്ണിലെ ലെൻസ് തിളങ്ങും ഇതുകണ്ടാണ് പലരും ഭയന്നിരുന്നത്.
പിടിയിലാകുമ്പോഴും കറുത്ത പാന്റ്സും കറുത്ത ഷർട്ടുമായിരുന്നു വേഷം. കറുത്ത മുഖംമൂടിയും തൊപ്പിയും ഉണ്ടായിരുന്നോ, അത് എവിടെയെങ്കിലും ഊരി ഉപേക്ഷിച്ചോ എന്നറിയാനും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മോഷണം നടത്തിയ ബൈക്ക് തൊണ്ടിയായി പരവൂരിൽനിന്ന് കിട്ടിയ സാഹചര്യത്തിലാണ് ഇയാളുടെ പേരിൽ പരവൂർ പോലീസ് കേസ് എടുത്തത്. ചോദ്യം ചെയ്തതിൽ 2015 മുതൽ ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും അന്വേഷണത്തിൽ ഇരവിപുരം, ചാത്തന്നൂർ, അയിരൂർ, വർക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെപേരിൽ കേസുകൾ നിലവിലുണ്ടെന്നും സി.ഐ. അറിയിച്ചു.
കുടുങ്ങിയത് ബന്ധുവുമായുള്ള അടിപിടിക്കിടെ
ഇരവിപുരത്ത് നിന്ന് മുങ്ങിയ അഭിജിത്ത് ഒന്നരമാസമായി ബാലരാമപുരത്തായിരുന്നു. ഇതിനിടെ പരവൂർ സ്വദേശിയായ ബന്ധു മറ്റ് ബന്ധുക്കൾക്കിടയിൽ തന്നെക്കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ഇയാൾ അറിഞ്ഞു. ഇത് ചോദ്യം ചെയ്യാനാണ് ഇടവയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ 15ന് വൈകിട്ട് നാല് മണിയോടെ പരവൂർ ദയാബ്ജി ജംഗ്ഷനിലെത്തിയത്.
ഇവിടെ വച്ച് ഓട്ടോ ഡ്രൈവറായ ബന്ധുവും അഭിജിത്തും തമ്മിൽ തർക്കമായി. ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കാൻ ശ്രമിച്ചതോടെ ബന്ധു ഇവൻ കള്ളനാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതകേട്ട നാട്ടുകാർ അഭിജിത്തിനെ തടഞ്ഞുവച്ച ശേഷം പരവൂർ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇരവിപുരത്തുകാരുടെ ഉറക്കം കെടുത്തിയ തസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.
ബൈക്ക് താൻ കൊണ്ടുവന്നതല്ലെന്ന് പറഞ്ഞ് ആദ്യം അഭിജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇടവയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു. ബാലരാമപുരത്ത് എവിടെയാണ് തങ്ങിയതെന്ന ചോദ്യത്തിന് അഭിജിത്ത് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. കൃത്യമായി പറയാൻ അറിയാത്ത സ്ഥലത്ത് കൂലിപ്പണിയെടുക്കുകയായിരുന്നുവെന്നാണ് മൊഴി നൽകിയത്. ഇത് പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. ഒളിവിൽ കഴിഞ്ഞ സമയത്ത് മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്.