old-age

പ്രായം കൂടുന്തോറും പ്രിയപ്പെട്ടവരുടെ സാമീപ്യവും കരുതലും ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. എന്നാൽ പലപ്പോഴും നമ്മുടെ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ട വാർദ്ധക്യങ്ങൾക്ക് ഇവയൊന്നും ലഭിക്കാറില്ല. മക്കളുടെ സംരക്ഷണയിലേക്ക് മാറുന്നതോടെ നമ്മുടെ വീടുകളിലെ വൃദ്ധജനങ്ങൾ പരസ്പരം രണ്ട് ധ്രുവങ്ങളിലേക്ക് സ്വയം ഒതുങ്ങാറാണ് പതിവ്. പ്രായം ഇത്രയൊക്കെ ആയില്ലേ, ഇനി ലൈംഗിക ജീവിതം വേണ്ടെന്ന് സ്വയം തീരുമാനിച്ച് ആത്മീയതയിലേക്കും മറ്രും ഒതുങ്ങുന്നവർക്ക് സമൂഹവും അനാവശ്യ പിന്തുണ നൽകാറുണ്ടെന്നതാണ് നേര്. പലപ്പോഴും അടക്കാനാവാത്ത ലൈംഗിക തൃഷ്‌ണ പലരുടെയും മാനസിക നിലയെ തന്നെ സാരമായി ബാധിക്കാറുണ്ട്. എന്നാൽ പ്രായമായെന്ന് കരുതി ലൈംഗികതയെ മാറ്റിനിർത്തേണ്ടതില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മാത്രവുമല്ല ഇങ്ങനെ ചെയ്യുന്നത് മാനസികവും ശാരീരികവുമായ പല നേട്ടങ്ങൾക്കും കാരണമാകുമെന്നും പഠനം പറയുന്നു.

old-age

ജീവിത സായാഹ്നങ്ങളിൽ പങ്കാളികൾ തമ്മിൽ രതിയിലേർപ്പെടുത്തുന്നത് അവരുടെ ബുദ്ധിശക്തിയെപ്പോലും സ്വാധീനിക്കുമെന്നും പഠനം പറയുന്നു. രതിയിലേർപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം തന്നെ നമ്മുടെ മാനസിക നിലയിലും പല മാറ്റങ്ങളും നടക്കാറുണ്ട്. ഈ മാറ്റങ്ങൾ ഒരാളുടെ ബൗദ്ധിക നിലവാരത്തെ സ്വാധീനിക്കുമെന്നാണ് കണ്ടെത്തൽ. തൊഴിലിടങ്ങളിലും സമൂഹത്തിലും ഇക്കൂട്ടർ മറ്റുള്ളവരേക്കാൾ മുന്നിലായിരിക്കും.

ഇതുകൂടാതെ ആരോഗ്യകരമായ സെക്സ് മാനസിക പിരിമുറുക്കങ്ങൾക്ക് അയവും ശരീരത്തിന് ലാഘവത്വവും പകരുന്നു. ലൈംഗികബന്ധ സമയത്ത് സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ ഉൽപ്പാദനം കൂടും. ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കൂടുമ്പോൾ ത്വക്ക് കൂടുതൽ മൃദുവാകുകയും തലമുടിക്ക് തിളക്കമുണ്ടാവുകയും ചെയ്യും. ഇത് ശരീരത്തിന്റെ യൗവ്വനാവസ്ഥ നിലനിർത്തും.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരം ഉൽപ്പാദിപ്പിക്കുന്ന 'എൻഡോർഫിൻ' ആനന്ദവും ആശ്വാസവും നൽകുന്ന ഹോർമോണാണ്. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാലും സെക്സ് എപ്പോഴും പങ്കാളിയുടെ താത്പര്യങ്ങൾ കൂടി മാനിച്ചായിരിക്കണമെന്ന് വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നു.