സുൽത്താൻബത്തേരി:വയനാട്ടിലെ ജനങ്ങളോട് കുറച്ച് മാസത്തേക്കുള്ള ബന്ധമല്ല തനിക്കുള്ളതെന്നും ജീവിതകാലം മുഴുവനും അത് തുടരുമെന്നും മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ സഹോദരിമാർക്ക് ഞാൻ സഹോദരനായിരിക്കും, ഇവിടെയുള്ള അമ്മമാർക്കും അച്ഛൻമാർക്കും മകനായിരിക്കും. ഈ ബന്ധം കുറഞ്ഞ കാലം കൊണ്ട് അവസാനിപ്പിക്കാൻ സാധിക്കില്ല. വയനാട്ടിൽ മത്സരിക്കുന്നത് എനിക്ക് ആദരവാണ്.
വയനാട്ടിലെ പ്രശ്നങ്ങൾ മനസിലാക്കുക പുസ്തകം വായിച്ചായിരിക്കില്ല, ജനങ്ങളിലേക്ക് ഇറങ്ങി വന്നായിരിക്കും. പ്രതിസന്ധികൾ മുഖാമുഖം അറിയണം. എല്ലാ പരിമിതികളും പരിഹരിക്കാൻ കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷ സാഹചര്യം ഇവിടെയുണ്ട്. വികസനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസം തനിക്കുണ്ട്. വ്യാജവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാരനായല്ല ഇവിടെ വന്നത്. വയനാട്ടുകാരുടെ ഹൃദയത്തിലുള്ളതും ആത്മാവിലുള്ളതും അറിയുകയാണ് ലക്ഷ്യം.
രാത്രിയാത്രാ നിരോധനം കൊണ്ടുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് തനിക്ക് ബോദ്ധ്യമുണ്ട്. അധികം വൈകാതെ അത് പരിഹരിക്കാനുള്ള ശ്രമം നടത്തും.
ദക്ഷിണേന്ത്യയുടെ ശബ്ദം കൂടിയാകാനാണ് അമേതിക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്നത്. ദക്ഷിണേന്ത്യയുടെ വികാരവും ഭാഷയും അഭിപ്രായവും മറ്റ് എവിടെത്തെയും പോലെ പ്രാധാന്യമുള്ളതാണ്. സമാധാനപരമായ സഹവർത്തിത്വത്തിന്റെ മാതൃകയാണ് കേരളമെന്നും രാഹുൽ പറഞ്ഞു.
മോദിയുടേത് ഒരുവ്യക്തി എന്ന ആശയം
അഞ്ച് വർഷമായി നരേന്ദ്രമോദിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തോടുള്ള പോരാട്ടത്തിലാണ്. ഒരു കാഴ്ചപ്പാട്, ഒരുചിന്ത, ഒരുവ്യക്തി എന്ന ആശയമാണ് അവർ നടപ്പാക്കുന്നത്. എല്ലായിടങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ഭാഷകളുമാണുള്ളത്. എന്തിനാണ് ആർ.എസ്.എസ് അവരുടെ ആശയത്തെ കേരളത്തിലും തമിഴ്നാട്ടിലും അടിച്ചേല്പിക്കുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. നമ്മുടെ ചരിത്രമാണ് പ്രധാനം. അത് നരേന്ദ്രമോദി പ്രചരിപ്പിക്കുന്ന ചരിത്രമല്ലെന്ന് രാഹുൽ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എന്നിവരും സംസാരിച്ചു.