loksabha-

ഹൃദയം തുളുമ്പിയ കൈയടി. സഹോദരനായും മകനായും ജീവതകാലം മുഴുവനും താൻ വയനാട്ടുകാർക്കൊപ്പം ഉണ്ടാകുമെന്ന് രാഹുൽ പറഞ്ഞത് ആയിരങ്ങൾ സ്വീകരിച്ചത് നിറമനസ്സോടെ.സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് കോളേജ് മൈതാനം പതിനായിരക്കണക്കിനു പേരുടെ തിരക്കിൽ നിറഞ്ഞുകവിയുകയായിരുന്നു.

ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും സോണിയാ ഗാന്ധിയെയും സ്വീകരിച്ച ആവേശം അല്‌പവും ചോരാതെയാണ് വയനാട്ടുകാർ സുൽത്താൻ ബത്തേരിയിൽ രാഹുലിനായി സ്വീകരണമൊരുക്കിയത്. രാഹുലിനെ നേരിൽക്കാണാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വലിയ സംഘങ്ങളായെത്തി. കർശന പൊലീസ് സുരക്ഷാ ക്രമീകരണങ്ങളിൽ മനസു മടുക്കാതെ ചുട്ടുപൊള്ളുന്ന തീവെയിലിൽ ഹെലികോപ്ടറിന്റെ ചിറകടിക്കായി അവർ ക്ഷമാപൂർവം കാതോർത്തുനിന്നു.

ഉച്ചയ്‌ക്ക് 11ന് ആരംഭിച്ച സമ്മേളനത്തിലേക്ക് രാഹുൽ എത്തിയത് 12 മണിയോടെ. അപ്പോൾ രാഹുൽ ഗാന്ധിയെക്കുറിച്ച് പാട്ടുപാടി മുൻ മന്ത്രി പി.ജെ. ജോസഫ് പ്രവർത്തരെ ആവേശം കൊള്ളിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ തന്നെ യു.ഡി.എഫ് പ്രവർത്തകരും അനുഭാവികളും നാട്ടുകാരും സമ്മേളന സ്ഥലത്തേക്ക് ഒഴുകിത്തുടങ്ങിയതാണ്. മുസ്ലിം ലീഗിന്റെ പതാക പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ഏശിയില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു മുന്നണി പ്രവർത്തകരുടെ ഐക്യം.

11.50 ആയപ്പോൾ രാഹുൽ ഗാന്ധി എത്തുന്നുവെന്ന സന്ദേശം ലഭിച്ചു. മൈതാനം ആകാശത്തേക്കു കണ്ണുനട്ടു. മുദ്രാവാക്യം വിളികൾക്കു നടുവിലേക്ക് ഹെലികോപ്ടർ പറന്നിറങ്ങി നിന്നു. പ്രവർത്തകരുടെ വികാരം മനസിലാക്കിയ ഉമ്മൻ ചാണ്ടി വേഗത്തിൽ പ്രസംഗം അവസാനിപ്പിച്ചു. രാഹുൽ മൈക്കിനടുത്തേക്ക്. ആവേശക്കൊടുമുടിയിൽ രാഹുൽ വയനാടിന്റെ ഹൃദയം തൊട്ടു.

നരേന്ദ്രമോദിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ചും വയനാട്ടിൽ മത്സരിക്കേണ്ട സാഹചര്യം വ്യക്തമാക്കിയും രാഹുലിന്റെ പ്രസംഗം. ഒരു വാക്കുകൊണ്ടുപോലും എതിർസ്ഥാനാർത്ഥിയെക്കുറിച്ചോ ഇടതുപക്ഷത്തെക്കുറിച്ചോ രാഹുൽ മിണ്ടിയില്ല. യോഗത്തിനു ശേഷം രാഹുൽ വിശ്രമ കേന്ദ്രത്തിലേക്ക്. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വയനാട്ടിലെ ശ്രീധന്യയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. ആദിവാസി പ്രതിനിധികളുമായും കർഷകരുടെ പ്രതിനിധികളുമായും കൂടി സംഭാഷണം നടത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്.