cash

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആണ്ടിപ്പട്ടി മണ്ഡലത്തിൽ വോട്ടർമാർക്ക് നൽകാനായി കവറുകളിൽ സൂക്ഷിച്ചിരുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) പാർട്ടിയുടെ ഓഫീസിൽ നടത്തിയ റെയ്‌ഡിലാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ റെയ്‌ഡ് ഇന്നലെ രാവിലെ അഞ്ചരയോടെയാണ് അവസാനിച്ചത്.

പണം 94 കവറുകളിൽ ആണ് സൂക്ഷിച്ചിരുന്നത്. ഓരോ കവറിന്റെയും പുറത്ത് ആണ്ടിപ്പട്ടി അസംബ്ലി മണ്ഡലത്തിലെ ഓരോ വാർഡിന്റെയും നമ്പരും അതത് വാർഡിലെ മൊത്തം വോട്ടർമാരുടെ എണ്ണവും ആളൊന്നുക്ക് 300 രൂപ വീതമുള്ള തുകയും രേഖപ്പെടുത്തിയിരുന്നു. വോട്ടർമാർക്ക് നൽകാനായി എത്തിച്ച രണ്ട് കോടി രൂപയുടെ ബാക്കിയാണിതെന്ന് അവിടെ ഉണ്ടായിരുന്ന ഒരു പാർട്ടി പ്രവർത്തകൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എ.എം.എം.കെ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയ ഒരു പോസ്റ്റൽ ബാലറ്റ് പേപ്പറും ഇവിടെ നിന്ന് കണ്ടെടുത്തു.

റെയ്‌ഡിനിടെ ഒരു സംഘം അക്രമികൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിലും വെടിവയ്‌പിലും കലാശിച്ചു. അക്രമികൾ ആദായനികുതി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത ശേഷം മുറിയുടെ വാതിൽ തകർത്ത് പണം അടങ്ങിയ കുറേ കവറുകൾ കൈക്കലാക്കി. പൊലീസ് ആകാശത്തേക്ക് വെടിവച്ചതിനെ തുടർന്ന് കിട്ടിയ പണവുമായി അക്രമികൾ രക്ഷപ്പെട്ടു.

പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഫ്ളയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തി. ഇതോടെ പണം സൂക്ഷിച്ചിരുന്ന ഷോപ്പ് പൂട്ടി പ്രവർത്തകർ രക്ഷപ്പെട്ടു. എന്നാൽ നാല് പാർട്ടി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനധികൃത പണം കണ്ടെത്തിയതിനെ തുടർന്ന് വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി മണിക്കൂറുകൾക്ക് പിന്നാലെയാണ് ആണ്ടിപ്പെട്ടിയിൽ നിന്ന് ഇത്രയധികം തുക പിടികൂടുന്നത്. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥിയുടെ ഗോഡൗണിൽ നിന്ന് 11.5 കോടി രൂപയാണ് ആദായനികുതി വകുപ്പ് ഏപ്രിൽ 10ന് പിടികൂടിയത്. അതിന് ശേഷം പിടികൂടുന്ന ഏറ്റവും വലിയ തുകയാണ് ഇത്. ഇതുവരെ 500 കോടിയാണ് തമിഴ്നാട്ടിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. ഇതിൽ പണമായി മാത്രം 205 കോടിയും ബാക്കി സ്വർണവുമാണ്.