sadvi

ഭോപ്പാൽ : 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ ബി.ജെ.പിയിൽ ചേർന്നു. മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

മലേഗാവ് സ്ഫോടനക്കേസിനെ ‘കാവി ഭീകരവാദം’ എന്നാണ് യു.പി.എ സർക്കാർ വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയിലെ മലേഗാവിൽ 2008 സെപ്തംബർ 29ന് മോട്ടോർസൈക്കിളിൽ വച്ച രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ച് 7 പേർ കൊല്ലപ്പെടുകയും 100ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ സാധ്വി പ്രജ്ഞ ജാമ്യത്തിലാണ്.

എ.ബി.വി.പിയുമായും വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന ഠാക്കൂർ വിവാദ പ്രസ്താവനകൾ നടത്തി നേരത്തേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

1989 മുതൽ ബി.ജെ.പിയുടെ ഉറച്ച കോട്ടയാണു ഭോപ്പാൽ. നരേന്ദ്ര സിംഗ് തോമർ, ശിവരാജ് സിങ് ചൗഹാൻ, ഉമാഭാരതി എന്നിവർ മത്സരിക്കാൻ വിമുഖത അറിയിച്ചതോടെയാണ് സാധ്വി പ്രജ്ഞയുടെ പേര് പരിഗണിക്കുന്നത്.