പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതി എത്തുന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യചിത്രമാണ് ‘ഉയരെ'. ബോബി -സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് സിനിമാനിർമ്മാണ രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്. എസ് ക്യൂബ് എന്ന പേരിൽ പി.വി ഗംഗാധരന്റെ പെൺമക്കളായ ഷെനുഗയും ഷെഗ്നയും ഷെർഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാൻ പിടിക്കുന്നത്.
ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകൻമാർ സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.
കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രം ഏപ്രിൽ 26ന് തിയേറ്ററുകളിൽ എത്തും.