sreedhanya

സുൽത്താൻബത്തേരി:സിവിൽ സർവ്വീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയ വയനാട്ടിലെ ആദിവാസി പെൺകുട്ടി ശ്രീധന്യ സുരേഷിനെയും കുടുംബത്തെയും രാഹുൽ ഗാന്ധി നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. പരീക്ഷാഫലം വന്ന ദിവസം രാഹുൽ ഫോണിൽ വിളിച്ച് ശ്രീധന്യയെ അഭിനന്ദനം അറിയിച്ചിരുന്നു.

തന്റെ കൈയൊപ്പ് ചാർത്തിയ ഉപഹാരം ശ്രീധന്യയുടെ വീട്ടിൽ എത്തിച്ച് നൽകാൻ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയ രാഹുൽ ഗാന്ധി ശ്രീധന്യയുടെ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്‌ച. ശ്രീധന്യയെയും കുടുംബത്തെയും കോളേജിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു.ശ്രീധന്യയുടെ അച്ഛനും അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു.

വീട്ടുകാര്യവും സമുദായകാര്യങ്ങളും പട്ടികവർഗ സമൂഹത്തിന്റെ പ്രശ്‌നങ്ങളും വയനാട്ടിലെ സാമൂഹിക പ്രശ്‌നങ്ങളും തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങൾ വരെ രാഹുലും ശ്രീധന്യയും ചർച്ച ചെയ്തു. അര മണിക്കൂർ നീണ്ട ചർച്ചയിൽ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ. സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. ശ്രീധന്യയുടെ പ്രാഥമിക പഠന സാഹചര്യങ്ങളും ഭാവി പദ്ധതികളുമൊക്കെ രാഹുൽ ചോദിച്ചറിഞ്ഞു, ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യൻ യുവത്വത്തിന് തന്നെ ഒരു റോൾമോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തിൽ നിന്ന് ഉയർന്നുവരേണ്ടതെന്നും രാഹുൽഗാന്ധി പറഞ്ഞു.

കോളേജിലെ മുറിയിൽ തന്നെയാണ് ഉച്ചഭക്ഷണം വിളമ്പിയത്. ചപ്പാത്തിയും, ചോറും, പായസവുമെല്ലാം അടങ്ങിയ കേരളസദ്യയാണ് ഒരുക്കിയിരുന്നത്.