binil-somasundaran

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലന്‍സിൽ എറണാകുളത്ത് എത്തിച്ച വിഷയത്തിൽ ഫേസ്ബുക്കിലൂടെ വർഗീയ പരാമർശം ബിനിൽ സോമസുന്ദരത്തിനെതിരെ കേസെടുത്തു. കടവൂർ സ്വദേശിയായ ബിനിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനിൽ സോമസുന്ദരം ഫേസ്ബുക്കിൽ കുറിച്ചത്. മംഗലാപുരത്തുനിന്ന് ആംബുലൻസിൽ കേരളത്തിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനു വേണ്ടി മലയാളികൾ പ്രാർഥിക്കുന്ന സമയത്താണ് ബിനിലിന്റെ അധിക്ഷേപം. ഇതിനെതിരെ ഡി.ജി.പിക്ക് പരാതിയും നൽകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് ബിനിൽ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റുമിട്ടിരുന്നു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത്. കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാർ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. വിശദമായ പരിശോധനകൾക്കു ശേഷമേ ഹൃദയശസ്ത്രക്രിയ തീരുമാനിക്കുയെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടി 24 മണിക്കൂറും ഡോക്ടമാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും അറിയിച്ചു.