ന്യൂഡൽഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലം തെറ്റി പെയ്ത കനത്ത മഴയിലും മണൽക്കാറ്റിലും 35 പേർ മരിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴയും മണൽക്കാറ്റും ആൾനാശം വിതച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ കണക്കു പ്രകാരം അഹമ്മദാബാദ്, രാജ്‌കോട്ട്, മോർബി, സബർകന്താ, പതാൻ എന്നീ പ്രദേശങ്ങളിൽ ഒന്നും ബനസ്‌കന്തയിൽ രണ്ടും മെഹ്സനയിൽ മൂന്നുപേരുമാണ് മരിച്ചത്. ശക്തമായ കാറ്റിലും ഇടിമിന്നലിലും പെട്ട് അഞ്ചു പേർ രാജസ്ഥാനിലും മിന്നലേറ്റും മരം വീണും 10 പേർ മദ്ധ്യപ്രദേശിലും മരിച്ചു. ഗുജറാത്തിന്റെ പടിഞ്ഞാറൻ പ്രദേശത്താണ് കൂടുതൽ ആൾനാശമുണ്ടായത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കായി ഗുജറാത്തിലെ ഹിമ്മത് നഗറിൽ ഒരുക്കിയ ടെന്റ് ശക്തമായ പൊടിക്കാറ്റിൽ തകർന്നു വീണിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഗുജറാത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ദുഃഖം രേഖപ്പെടുത്തി.