മുംബയ്: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്‌പാദക കമ്പനിയായ സൗദി ആരാംകോ, മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ റിഫൈനിംഗ്, പെട്രോകെമിക്കൽ ബിസിനസുകളുടെ 25 ശതമാനം ഓഹരികൾ വാങ്ങിയേക്കും. 1,000-1,500 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗദി ആരാംകോ നടത്തുകയെന്നാണ് അറിയുന്നത്. നിക്ഷേപം ലഭിച്ചാൽ, റിലയൻസിന്റെ റിഫൈനിംഗ് - പെട്രോകെമിക്കൽ ബിസിനസുകളുടെ മൂല്യം 5,500-6,000 കോടി ഡോളറാകും.
പ്രമുഖ നിക്ഷേപക സ്ഥാപനമായ ഗോൾഡ്മാൻ സാക്ക്‌സിന്റെ കൺസൾട്ടിംഗ് പ്രകാരമാണ് ഇരുസ്ഥാപനങ്ങളും ഓഹരി വില്‌പന സംബന്ധിച്ച ചർച്ചകൾ നടത്തുന്നത്. ജൂണിൽ ഓഹരികളുടെ മൂല്യം സംബന്ധിച്ച അന്തിമ തീരുമാനമായേക്കും. അടുത്തിടെ, ഇന്ത്യ സന്ദർശിച്ച സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് റിലയൻസ് ഓഹരി വാങ്ങാനുള്ള സൗദി ആരാംകോയുടെ നീക്കം. ഓഹരി കൈമാറ്രം സംബന്ധിച്ച് മുകേഷ് അംബാനിയുമായി സൗദി ആരാംകോ സി.ഇ.ഒ അമീൻ നാസറും ചർച്ച നടത്തിയിരുന്നു.