കൊച്ചി: മുസ്ലിം വിരുദ്ധ പരമാമർശം നടത്തിയെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ നടപടി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത് സംബന്ധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് ടിക്കാറാം മീണ റിപ്പോർട്ട് നൽകി.
ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ശ്രീധരൻ പിള്ള നടത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
വർഗീയ പരാമർശത്തിന്റെ പേരിൽ ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവ് വി.ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. പരാമർശം പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവൻകുട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി.