കൊച്ചി: ലുലു ഫാഷൻവീക്കിന്റെ നാലാംപതിപ്പ് ഏപ്രിൽ 24 മുതൽ 28വരെ ഇടപ്പള്ളി ലുലുമാളിൽ നടക്കും. ഫാഷൻ രംഗത്തെ 50 പ്രമുഖ ബ്രാൻഡുകളുടെ അപൂർവ സ്‌പ്രിംഗ്/സമ്മർ വസ്‌ത്ര ശേഖരങ്ങളാണ് ഇക്കുറി ലുലു ഫാഷൻ വീക്കിലുള്ളത്. അഞ്ച് ദിവസങ്ങളിലായി 30 പ്രത്യേക ഫാഷൻ ഷോകൾ, ഫാഷൻ ഫോറം, ലുലു ഫാഷൻ അവാർഡുകൾ എന്നിവയാണ് നാലാം എഡിഷനിൽ അരങ്ങേറുന്നത്.

ഫാഷൻ കൊറിയോഗ്രാഫറായ ഉത്സവ് ദൊലാക്കിയയാണ് ഫാഷൻവീക്ക് കൊറിയോഗ്രാഫ് ചെയ്യുന്നത്. 18വർഷത്തെ പരിചയ സമ്പത്തുള്ള ഉത്സവിന്റെ കേരളത്തിലെ ആദ്യ കൊറിയോഗ്രാഫാണിത്. ഫാഷൻ ടെക്‌നോളജി വിദ്യാർത്ഥികൾക്കായി 26ന് കൊച്ചി മാരിയറ്ര് ഹോട്ടലിൽ ലുലു ഫാഷൻവീക്ക് അവതരിപ്പിക്കുന്ന 'ഫാഷൻ ഫോറം" നടക്കും. ഫാഷൻ, ലൈഫ്‌സ്‌റ്രൈൽ രംഗത്തെ പ്രമുഖരുമായി ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സംവദിക്കാം. 28ന് ലുലുമാളിൽ വച്ച് ഫാഷൻ അവാർഡുകൾ വിതരണം ചെയ്യും.

ഫാഷൻവീക്കിന്റെ ഭാഗമായി ലുലു ഫാഷൻ സ്‌റ്റോറിൽ പുതിയ സ്‌പ്രിംഗ്/സമ്മർ വസ്‌ത്രങ്ങളുടെ വില്‌പന നടക്കും. ഉപഭോക്താക്കൾക്ക് ഓഫറുകളും ഗിഫ്‌റ്ര് വൗച്ചറുകളും സമ്മാനങ്ങളും നേടാം. പത്രസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഡയറക്‌ടർ എം.എ. നിഷാദ്, കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, കൊറിയോഗ്രാഫർ ഉത്സവ് ദൊലാക്കിയ, ബ്ളാക്ക്‌ബെറി മാർക്കറ്രിംഗ് മേധാവി രമേശ് കൗശിക്, ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിംഗ് ഹെഡ് ദാസ് ദാമോദരൻ എന്നിവർ സംബന്ധിച്ചു.