suresh-gopi

തൃശൂർ: എൻ.‌ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് തുളഞ്ഞുകയറി. ബുധനാഴ്ച ഉച്ചഭക്ഷണത്തിനിടെയാണ് തൊണ്ടയിൽ മുള്ള് കയറിയത്. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡോക്ടർമാർ മുള്ള് എടുത്ത് കളയുകയായിരുന്നു. സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അപകടം സംഭവിച്ചത്.

മണ്ഡലത്തിലെ തീരദേശങ്ങളിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയിലാണ് സംഭവം നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മണ്ഡലത്തിലെ വോട്ടർമാരുടെ വീടുകളിൽ കയറി ഭക്ഷണം കഴിക്കുന്നത് വാർത്തയായിരുന്നു. ഇതിനെ പരിഹസിച്ച് സോഷ്യൽ മീഡിയിയൂടെ ട്രോളർമാരും രംഗത്തെത്തിയിരുന്നു. എന്നാൽ സിനിമകളിൽ അഭിനയിക്കുമ്പോഴും ലൊക്കേഷന് അടുത്തുള്ള വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുള്ള് കുടുങ്ങിയതിന് ശേഷം എത്ര ശ്രമിച്ചിട്ടും അതിനെ എടുത്ത് കളയാൻ സാധിച്ചില്ല. തുടർന്ന് സുരേഷ് ഗോപിയെ ബി.ജെ.പി പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മുള്ള് നീക്കം ചെയ്തതിന് ശേഷം പ്രചരണ പരിപാടികൾ പുനരാരംഭിച്ചിട്ടുണ്ട്. തിര‌ഞ്ഞെടുപ്പ് അടുത്ത സമയത്ത് തൃശൂരിൽ പ്രചരണരംഗത്ത് മൂന്ന് മുന്നണികളും രംഗത്തുണ്ട്. സുരേഷ് ഗോപി ഏറെ വെെകിയാണ് പ്രചാരണത്തിനെത്തിയതെങ്കിലും മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്.