ന്യൂഡൽഹി :രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് പട്ടിക വിഭാഗക്കാരനായത് കൊണ്ടാണെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പരാമർശം വിവാദമായി. പരാമർശം ‘പട്ടിക വിഭാഗ വിരുദ്ധവും ദരിദ്ര സമൂഹ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഗെലോട്ട് മാപ്പു പറയണമെന്നും ശക്തമായ നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ജയ്‌പൂരിൽ ഗെലോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശം ഉണ്ടായത്.
‘2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ജയിക്കുമോയെന്നും സർക്കാരുണ്ടാക്കാൻ പറ്റുമോ എന്നുമുള്ള ഭയം ബി.ജെ.പിക്ക് ഉണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയെ കണ്ടെത്തിയത് ഇക്കാര്യങ്ങൾ മനസിൽ വച്ചാണ്. ജാതിക്കണക്കുകൾ കൃത്യമാക്കാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകണമെന്ന ആയുധം പുറത്തെടുത്തത്. എൽ.കെ. അദ്വാനി അപ്പോൾ തന്നെ മൽസരത്തിൽ നിന്ന് പുറത്തായി. അർഹതയുള്ളത് അദ്വാനിക്കു കിട്ടുമെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്നു. ഒരു ലേഖനത്തിൽ വായിച്ചതാണ് ഇക്കാര്യം.’ – ഗെലോട്ട് പറഞ്ഞു.
ഭരണഘടനാപരമായി ഏറ്റവും ഉയർന്ന പദവി വഹിക്കുന്നയാൾക്കെതിരെ ഏറ്റവും താഴേക്കിടയിലുള്ള ആക്രമണമാണ് കോൺഗ്രസ് നടത്തിയതെന്ന് ബി.ജെ.പി പറഞ്ഞു. ‘ദരിദ്ര ചുറ്റുപാടിൽ നിന്ന, പട്ടിക വിഭാഗത്തിൽ നിന്ന് വരുന്ന ഒരാൾക്കെതിരെയാണോ കോൺഗ്രസ്? രാഷ്ട്രപതി കോവിന്ദ് ശ്രേഷ്ഠമായൊരു വ്യക്തിത്വമാണ്. ഈ പരാമർശം അപലപനീയമാണ്. മാപ്പ് പറയുമെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വമേധയാ കേസെടുക്കണം.’ – ബി.ജെ.പി നേതാവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു.
അതേസമയം, വ്യക്തിപരമായ പരാമർശമല്ല ഗെലോട്ട് നടത്തിയതെന്നും വായിച്ച ലേഖനത്തിൽനിന്നുള്ള ഭാഗം പറഞ്ഞതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.