child-

കൊച്ചി: സംശയാസ്പദമായ സാഹചര്യത്തിൽ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്ററിലാണ്.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും വെന്റിലേറ്റർ ഉപയോഗിച്ചാണ് ജീവൻ നിലനിറുത്തുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടത്തിൽ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവേറ്റ പാടുകൾക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

ഗുരുതരവാസ്ഥയിലായ കുഞ്ഞിനെ വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.