jet

ന്യൂഡൽഹി: അവസാന ആശ്രയമായിരക്കുമെന്ന് പ്രതീക്ഷിച്ച വായ്‌പാസഹായം ബാങ്കുകൾ നിരസിച്ചതോടെ, രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനികളിലൊന്നായ ജെറ്ര് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചു. അടിയന്തരമായി ആയിരം കോടി രൂപയുടെ വായ്‌പയാണ് ജെറ്ര് എയർവേസ് തേടിയത്. പിന്നീടിത്, 400 കോടി രൂപയായി കുറച്ചെങ്കിലും ബാങ്കുകൾ കനിഞ്ഞില്ല. ഇതോടെയാണ്, തത്കാലത്തേക്ക് പ്രവർത്തനം നിറുത്താൻ ജെറ്ര് തീരുമാനിച്ചത്.

ജെറ്രിന്റെ അവസാന ഫ്ളൈറ്ര് ഇന്നലെ രാത്രി പത്തരയ്ക്ക് അമൃത്‌സറിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്നു. എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കൺസോർഷ്യത്തിന് നൽകാനുള്ള 8,500 കോടി രൂപയോളം വരുന്ന വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജെറ്ര് എയർവേസിന്റെ കഷ്‌ടകാലം തുടങ്ങിയത്. മാർച്ച് 25ന് ജെറ്രിന്റെ നിയന്ത്രണം ബാങ്കിംഗ് കൺസോർഷ്യം ഏറ്റെടുത്തു. കമ്പനിയുടെ സ്ഥാപക ചെയർമാനായ നരേഷ് ഗോയൽ ഇടിനിടെ രാജിവയ്ക്കാനും നിർബന്ധിതനായി.

123 വിമാനങ്ങളുണ്ടായിരുന്ന ജെറ്ര് എയർവേസ് ഇന്നലെ പറത്തിയത് അഞ്ചിൽ താഴെ വിമാനങ്ങളാണ്. വാടക കൊടുക്കാത്തതിനാൽ മിക്ക വിമാനങ്ങളും പാട്ടക്കമ്പനികൾ തിരിച്ചെടുക്കുകയായിരുന്നു. പണം കിട്ടാത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ധന വിതരണം നിറുത്തിവച്ചതും ജെറ്രിന് തിരിച്ചടിയായി. ബാങ്കിംഗ് കൺസോർഷ്യം അടിയന്തര സഹായമായി 1,500 കോടി രൂപ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും റിസർവ് ബാങ്കിന്റെ പച്ചക്കൊടി കിട്ടാത്തതിനാൽ നീക്കം വിഫലമായതും ജെറ്ര് എയർവേസ് ചിറക് മടക്കാൻ കാരണമായി.

ഒടുവിൽ ജെറ്ര് എയർവേസും

സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു ദശാബ്‌ദത്തിനിടെ ഇന്ത്യയിൽ പ്രവർത്തനം നിറുത്തുന്ന 12-ാമത്തെ വിമാന കമ്പനിയാണ് ജെറ്ര് എയർവേസ്. വിജയ് മല്യയുടെ കിംഗ്‌ഫിഷറാണ് ഇതിലെ പ്രധാന താരം. മലയാളി കമ്പനിയായ എയർ പെഗാസസ്, എയർ കോസ്‌റ്റ, എയർ ഡെക്കാൺ, പാരാമൗണ്ട് എയർവേസ്, എം.ഡി.എൽ.ആർ., സൂം എയർ, എയർ ഒഡീഷ, എയർ കാർണിവൽ, അർച്ചന എയർവേസ്, എയർ സഹാറ എന്നിവയാണ് പൂട്ടിപ്പോയ മറ്റു കമ്പനികൾ.