മുംബയ്: ജെറ്റ് എയർവേസിന്റെ എല്ലാ വിമാന സർവീസുകളും ബുധനാഴ്ച രാത്രിയോടെ നിറുത്തിവയ്ക്കും. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെതുടർന്നാണ് തീരുമാനം.
ബുധനാഴ്ച രാത്രി 10.30ന് ജെറ്റ് എയർവേസിന്റെ അവസാന വിമാനവും നിലത്തിറങ്ങുമെന്ന് കമ്പനി അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു. അഞ്ച് വിമാനങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നത്.
നിലവിലുള്ള സാമ്പത്തിക സ്ഥിതിയിൽ നാമമാത്രമായ സർവീസുകൾ എങ്കിലും നടത്തുന്നതിന് അധിക ഫണ്ട് ലഭിക്കാതെ കഴിയില്ലെന്ന് കമ്പനി വൃത്തങ്ങൾപറഞ്ഞു. ഈ സാഹചര്യത്തിലാണ് വിമാന സർവീസുക&ൾ നിറുത്തിവയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി. രാജ്യാന്തര വിമാന സർവീസുകൾ നേരത്തെതന്നെ കമ്പനി നിറുത്തിവച്ചിരുന്നു. മുംബയ് - അമൃത്സർ വിമാനം രാത്രി നിലത്തിറങ്ങുന്നതോടെ സർവീസുകൾ താത്കാലികമായി നിറുത്തിവയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്.