balachandran-chullikkad

കൊച്ചി: തിരഞ്ഞെടുപ്പ് സമയങ്ങളിൽ രാജ്യത്ത് നിലനിൽക്കുന്ന ജനാതിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ തുറന്നടിച്ച് കവിയും നടനും കൂടിയായ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. അടിയന്തിവരാവസ്ഥയ്ക്ക് ശേഷം നടന്ന തിര‍ഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന്‌ ജീവിച്ചിരിക്കുന്നതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. എറണാകുളത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ വിജയത്തിനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തിരഞ്ഞെടപ്പിൽ ബി.ജെ.പി ജയിച്ചാൽ ഇനി രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും ചുള്ളിക്കാട് പറഞ്ഞു. '40 വർഷം മുമ്പുള്ള തിരഞ്ഞെടുപ്പ് ഞങ്ങൾക്ക് ജീവൻ മരണ പോരാട്ടമായിരുന്നു. കോൺഗ്രസുകാർ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു . ഞങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നിൽ മരണം കാത്തിരുന്നു. അന്ന് ഇന്ദിരയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്'. ചുള്ളിക്കാട് പറഞ്ഞു

കോൺഗ്രസിന്റെ സ്ഥാനത്ത് ഇന്ന് ബി.ജെ.പിയാണ്. ഇവരുടെ ലക്ഷ്യം രാജ്യത്തെ നമ്മുടെ ഭരണ ഘടന തകർക്കുകയും ജനാധിപത്യം , മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച്‌ നീക്കുകയും ചെയ്യുകയുമാണ്. ഇടതുപക്ഷം വിജയിക്കേണ്ടത് അനിവാര്യമാണെന്നും അതിന് വേണ്ടിയാണ് താൻ വീണ്ടും തെരുവുകളിൽ സംസാരിക്കുന്നതെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് വ്യക്തമാക്കി.