muralee-thummarukudi

തിരുവനന്തപുരം: ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് തർജ്ജമ നടത്തുക എന്നത് വളരെ ലളിതമായ കാര്യമല്ല. കേവലം ഒരു ഭാഷ മാത്രം അറിഞ്ഞാൽ പോരാ പ്രസംഗിക്കുന്ന ആളുടെ ശാരീരിക ആംഗ്യങ്ങളും ഉച്ചാരണ രീതി കൂടി കൃത്യമായി മനസിലാക്കണം. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് തർജ്ജമ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല. രാഹുലിന്റെ പ്രസംഗം തർജ്ജമ ചെയ്യുന്നതിനിടയിൽ പി.ജെ കുര്യന് തെറ്റുകൾ സംഭവിച്ചിരുന്നു. ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തർജ്ജമ ചെറിയ കളിയല്ലെന്നും അത് തെറ്റാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മേരേ പ്യാരേ ദേശ് വാസിയോം..

രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജുമ ചെയ്തതിന്റെ പേരിൽ ഒരേ ദിവസം തന്നെ ഒരാൾ പ്രശസ്തിയിലേക്ക് ഉയരുകയും പ്രശസ്തി ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ മൊത്തം ട്രോളുകയും ചെയ്ത ദിവസമാണ് ഇന്നലെ.

ഈ വിഷയത്തെ പറ്റി ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്, എന്നാലും ഒന്നുകൂടി എഴുതാം. ഒരാളുടെ പ്രസംഗം അതേ സമയം തന്നെ മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുക എന്നത് എളുപ്പമുള്ള ജോലിയല്ല. ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. പ്രസംഗിക്കുന്ന ആളുടെ ഉച്ചാരണ രീതി, സാങ്കേതിക പദങ്ങൾ അധികം ഉണ്ടോ, എത്രമാത്രം സംസാരിച്ചതിന് ശേഷമാണ് തർജ്ജുമക്കായി ബ്രേക്ക് കൊടുക്കുന്നത്, സ്റ്റേജിലെ സംവിധാനങ്ങൾ, ജനക്കൂട്ടത്തിന്റെ ആരവം, ചുറ്റുമുള്ള ഒച്ചയനക്കങ്ങൾ (റോഡിനടുത്തോ കടലിനടുത്തോ ഒക്കെയാണെങ്കിൽ അതിന്റെ ഒച്ചകൾ), പ്രസംഗം നടത്തുന്നത് എത്രമാത്രം പ്രധാനിയായ വ്യക്തി എന്നിങ്ങനെ മൊഴിമാറ്റം വിഷമത്തിൽ ആക്കുന്ന പല വിഷയങ്ങളും ഉണ്ട്. ഇതൊക്കെ കാരണം തർജ്ജുമ തെറ്റായി പോകാനാണ് സാധ്യത കൂടുതൽ. ശരിയായി കിട്ടുന്നത് ഭാഗ്യമാണ്. കേരളത്തിൽ ബ്രിന്ദ കാരാട്ട് മുതൽ മോദി വരെ ഉള്ളവരുടെ പ്രസംഗം മൊഴിമാറ്റിയതിൽ തെറ്റുപറ്റിയതിന് ആളുകൾ പഴി കേട്ടിട്ടുണ്ട്. ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും.

ഒരു വർഷത്തിൽ ഒമ്പതിനായിരം മീറ്റിംഗുകൾ ആണ് ഐക്യരാഷ്ട്ര സഭ ജനീവയിൽ മാത്രം നടത്തുന്നത്. ഇതിൽ രണ്ടു രാജ്യങ്ങൾ മാത്രം ഉളളത് മുതൽ നൂറ്റി തൊണ്ണൂറ്റി മൂന്ന് രാജ്യങ്ങൾ വരെ ഉള്ള മീറ്റിംഗുകൾ ഉണ്ട്. ഇവയിൽ ഓരോന്നിലും ഇംഗ്ളീഷിൽ നിന്നും ഫ്രഞ്ചിലേക്ക്, അറബിക്കിൽ നിന്നും സ്പാനിഷിലേക്ക്, റഷ്യനിൽ നിന്നും ചൈനീസിലേക്ക് എന്നിങ്ങനെ അനവധി തർജ്ജുമയുടെ ആവശ്യം ഉണ്ട്. ഇതിന് വേണ്ടി മാത്രമായി തർജ്ജുമക്കാരുടെ ഒരു വലിയ സംഘം ഐക്യരാഷ്ട്ര സഭയിൽ ഉണ്ട്. മറ്റുള്ള എല്ലാ പ്രൊഫഷനലുകളെക്കാൾ കൂടുതൽ ആണ് ഇവരുടെ ശമ്പളം. പ്രസംഗിക്കുന്ന ആളെ കാണാൻ പറ്റുന്ന, അവരുടെ ശബ്ദം നേരിട്ട് ചെവിയിലേക്ക് ഇയർ ഫോൺ വഴി എത്തുന്ന, എന്നാൽ മറ്റൊരു ഒച്ചയും അങ്ങോട്ട് എത്താത്ത കാബിനിൽ ഇരുന്നാണ് ഇവർ പ്രസംഗങ്ങൾ തർജ്ജുമ ചെയ്യുന്നത്. ഏറെ പ്രധാനപ്പെട്ട പ്രസംഗങ്ങൾ ആണെങ്കിൽ അതിൻ്റെ കോപ്പി മുൻ‌കൂർ വാങ്ങും. പറ്റിയാൽ പ്രസംഗിക്കുന്നവരോട് കുറച്ചു നേരം മുൻകൂട്ടി സംസാരിക്കും, അവരുടെ ഉച്ചാരണ രീതി ഒക്കെ മനസ്സിലാക്കാൻ ആണിത്. വലിയ സമ്മേളനങ്ങൾ ഒക്കെ നടക്കുമ്പോൾ ആ സ്റ്റേജിന്റെ എതിർഭാഗത്ത് ബാല്കണി പോലുള്ള സ്ഥലത്ത് ഗ്ലാസ്സ് ബോക്സുകളിൽ നോക്കിയാൽ ഇവരെ കാണാം. ഓരോ ഭാഷക്കും ഓരോ ബോക്സ് ഉണ്ടാകും, ഓരോ ബോക്സിലും രണ്ടു പേരും.

ഒരാൾക്ക് പല ഭാഷകളിൽ അറിവുണ്ടെങ്കിലും സ്വന്തം മാതൃഭാഷയിലേക്ക് മാത്രമേ തർജ്ജുമ ചെയ്യാവൂ എന്നാണ് നിയമം. അതായത് എനിക്ക് ഇംഗ്ലീഷും മലയാളവും അറിയാമെങ്കിലും ഇംഗ്ളീഷ് പ്രസംഗം മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാനല്ലാതെ മലയാളം പ്രസംഗം ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്യാൻ അനുമതി ഇല്ല. കഥകളിപ്പദം പാടുന്നവരെ പോലെ മാറിമാറി ആണ് തർജ്ജുമ ചെയ്യുന്നത്, ഒരാൾ പതിനഞ്ചു മിനുട്ടിൽ കൂടുതൽ ഒറ്റയടിക്ക് തർജ്ജുമ ചെയ്യാൻ പാടില്ല.

മലയാളം മീഡിയം ആണെങ്കിലും ബ്രിട്ടീഷുകാരുടെയും അമേരിക്കക്കാരുടേയും ഇംഗ്ലീഷ് മാത്രമല്ല ജപ്പാൻകാരുടെയും ചൈനക്കാരുടെയും ഫ്രഞ്ചുകാരുടെയും ബംഗാളികളുടെയും നൈജീരിയക്കാരുടെയും കൊളംബിയക്കാരുടെയും ഒക്കെ ഉൾപ്പടെ ഇരുപത്തി അഞ്ചു തരം ഇംഗ്ളീഷ് ഉച്ചാരണങ്ങൾ എങ്കിലും എനിക്കിപ്പോൾ മനസ്സിലാകും. അതുകൊണ്ടു തന്നെ പലപ്പോഴും ഇത്തരം ആളുകളുടെ പ്രസംഗം തർജ്ജുമ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷെ ഞാൻ ഒരിക്കലും അത് സമ്മതിച്ചിട്ടില്ല,ചെയ്തിട്ടുമില്ല. കാരണം കുളമാകും എന്ന് ഉറപ്പാണ്.അതുകൊണ്ടു തന്നെ സ്റ്റേജിൽ കയറി പുരുഷാരത്തിൻ്റെ മുന്നിൽ നിന്നും തർജ്ജുമ ചെയ്യുന്നവരോട് എനിക്ക് വലിയ ബഹുമാനം ഉണ്ട്, അതിൽ തെറ്റ് പറ്റുന്നവരോട് സഹതാപവും.

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സ്വന്തം പാർട്ടി നേതാക്കന്മാർക്ക് വേണ്ടി തർജ്ജുമ ചെയ്യുന്ന രീതി വിട്ട് എല്ലാ കാലത്തും പ്രൊഫഷണൽ ആയി തർജ്ജുമ ചെയ്യുന്നവരുടെ സംഘം ഉണ്ടാക്കുകകയാണ് ചെയ്യേണ്ടിയിരുന്നത്. (വലിയ താമസം ഇല്ലാതെ കൃത്രിമ ബുദ്ധി ഇതൊക്കെ ഏറ്റെടുക്കും എന്നത് കൊണ്ട് ഞാൻ ഇതൊരു തൊഴിലായി എടുക്കാൻ ഞാൻ ആരോടും പറയില്ല)

ഇതൊന്നും അറിയാതെ സ്റ്റേജിൽ നിന്നും വിയർക്കുന്ന പാവം തർജ്ജുമാക്കാരെ കുറ്റം പറയുന്നവർ ഈ വിഷയത്തിൽ യാതൊരു അറിവോ പരിചയമോ ഇല്ലാത്തവർ ആയത് കൊണ്ട് വിശാല മനസ്കനായ ആശാൻ അവരോട് ക്ഷമിച്ചിരിക്കുന്നു !

മുരളി തുമ്മാരുകുടി