ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വാരണാസിയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് പിൻമാറി. എസ്.പി -ബി.എസ്.പി സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
മായാവതിയുടെ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടത് മോദിയുടെ പരാജയമാണ്. മായാവതി പ്രധാനമന്ത്രിയാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം," ആസാദ് പറഞ്ഞു.
തന്റെ സ്ഥാനാർത്ഥിത്വം മോദിയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. ഞങ്ങൾ മോദിയുടെ തോൽവി ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രാഹ്മണനായ സതീഷ് ചന്ദ്ര മിശ്രയെ വാരണാസിയിൽ സ്ഥാനാർത്ഥിയാക്കിയാൽ സവർണ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കൂടി സാധിക്കുമെന്ന് ആസാദ് പറഞ്ഞു. അതേസമയം സമാജ് വാദി പാർട്ടിക്കെതിരെ കടുത്ത വിമർശനമാണ് ആസാദ് ഉന്നയിച്ചത്. അവരാണ് ബി.ജെ.പിയുടെ ഏജന്റുമാരെന്നും, താനല്ലെന്നും അദ്ദേഹം പറഞ്ഞു.