തിരുവനന്തപുരം: ആർത്തലച്ച് പെയ്യുകയാണ് വേനൽമഴ.നിർണായകമായ അവസാന മൂന്നുദിവസത്തെ ആളിക്കത്തലിനൊരുങ്ങിയ പ്രചാരണത്തിനു മേൽ ഇടിവെട്ടിപെയ്യുന്നു.അവസാനത്തെ അടവുകൾ പയറ്റാൻ തയ്യാറെടുത്തുനിന്ന സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും നെഞ്ചിടിപ്പേറ്റിയാണ് മഴ തിമിർക്കുന്നത്.ഞായറാഴ്ച വൈകിട്ട് 5ന് പരസ്യപ്രചാരണം അവസാനിക്കുകയാണ്.തിങ്കളാഴ്ച നിശബ്ദപ്രചാരണം.ചൊവ്വാഴ്ച വിധിയെഴുത്താണ്.കൊടുംചൂടിന് പിന്നാലെയെത്തിയ വേനൽമഴയിൽ നനഞ്ഞുപോവാതെ പ്രചാരണം സജീവമാക്കുകയാണ് മുന്നണികൾ.അവസാനലാപ്പിൽ വിജയമുറപ്പിക്കാനുള്ള മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും കുതിപ്പിന് ഉശിരുപകരാൻ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും തലസ്ഥാനത്തേക്കെത്തും.
പഴുതുകളെല്ലാം അടച്ച് വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളാണ് മൂന്ന് മുന്നണികളുടെയും ക്യാമ്പുകളിൽ ഉരുത്തിരിയുന്നത്. ആടിനിൽക്കുന്ന നിഷ്പക്ഷ വോട്ടർമാരെ തങ്ങൾക്കൊപ്പമാക്കുകയാണ് ലക്ഷ്യം. അടിയൊഴുക്കുകൾ കണ്ടെത്താനും അതുപ്രകാരം തന്ത്രങ്ങൾ മാറ്റാനുമെല്ലാം ഇനി ശേഷിക്കുന്നത് മൂന്ന് രാപ്പകലുകൾ മാത്രം. രാഹുൽഗാന്ധിയുടെ വരവുണ്ടാക്കിയ തരംഗം അനുകൂലമാവുമെന്ന് യു.ഡി.എഫും പ്രചാരണത്തിലെ മേൽക്കൈ തുണയ്ക്കുമെന്ന് എൽ.ഡി.എഫും സർവേ ഫലങ്ങളിൽ കണ്ണുവച്ച് എൻ.ഡി.എയും സജീവമായിട്ടുണ്ട്. പ്രചാരണത്തിലുണ്ടായ പാളിച്ച പരിഹരിക്കാൻ, ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇക്കാര്യം വിലയിരുത്തി. എ.ഐ.സി.സി നിരീക്ഷകനും തലസ്ഥാനത്തുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനാണ് എൽ.ഡി.എഫ് പ്രചാരണത്തിന്റെ കുന്തമുന. വെള്ളറടയിലും കാട്ടാക്കടയിലും വൻസമ്മേളനങ്ങളിൽ പങ്കെടുത്ത പിണറായി അടുത്തദിവസങ്ങളിൽ നഗരത്തിൽ പ്രചാരണത്തിനുണ്ടാവും.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അന്തിമപ്രചാരണത്തിനെത്തും. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളുടെ പടയെയാണ് ബി.ജെ.പി എത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നഗരത്തിലെത്തുന്നുണ്ട്. തീരദേശത്തെ ഇളക്കിമറിച്ച, പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്റെ റോഡ് ഷോയ്ക്ക് പുറമെ ഇനിയും കേന്ദ്രമന്ത്രിമാരുടെ റോഡ്ഷോ ബി.ജെ.പി ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് എന്നിവരുമെത്തും. ബി.ജെ.പിക്ക് ഏറ്റവും വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം. പരമാവധി നേതാക്കളെയെത്തിച്ച് അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലാഭരണകൂടവും ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. പൂർണമായും വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചാകും തലസ്ഥാനത്ത് വോട്ടെടുപ്പ്. ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് പൂർത്തിയായി. സ്ഥാനാർത്ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ചു സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്തു. കൺട്രോൾ യൂണിറ്റിൽ എല്ലാ സ്ഥാനാർത്ഥികളുടെയും എണ്ണത്തിനും നോട്ടയ്ക്കും (നിഷേധവോട്ട്) അനുസരിച്ച് സെറ്റ് ചെയ്തശേഷം വിവി പാറ്റ് യന്ത്റത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം ലോഡ് ചെയ്ത് പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ചു. ഇവയിൽനിന്നു പുറത്തു വരുന്ന പേപ്പർ സ്ലിപ്പും കൺട്രോൾ യൂണിറ്റിലെ വോട്ടുകളുടെ എണ്ണവും ഒത്തുനോക്കിയാണ് കൃത്യത ഉറപ്പു വരുത്തിയത്. ഓരോ മണ്ഡലത്തിലെയും ആകെ യന്ത്റങ്ങളുടെ 5 ശതമാനം മെഷീനുകൾ സ്ഥാനാർത്ഥിയെയോ സ്ഥാനാർത്ഥിയുടെ ഏജന്റിനെയോ ഉപയോഗിച്ചു ക്രമമല്ലാത്ത രീതിയിൽ മോക് പോൾ ചെയ്യിച്ചു. സ്ലിപ്പുകൾ കട്ടിയുള്ള കവറിൽ സീൽ ചെയ്തു സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയാണ് നടപടിക്രമം. ബാലറ്റ് യൂണിറ്റുകൾക്ക് മുകളിലായി ബ്രെയിൽ ലിപിയിലുള്ള സ്റ്റിക്കർ പതിക്കുകയും ചെയ്യുന്നുണ്ട്. ജില്ലാകളക്ടറുടെ നേതൃത്വത്തിലാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
കടുത്തചൂടിൽ വോട്ടിംഗ് യന്ത്രം കേടാകാനിടയുള്ളതിനാൽ ബൂത്തുകളിൽ പോളിംഗ് കമ്പാർട്ട്മെന്റ് ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശമുണ്ട്. വോട്ടിംഗ് യൂണിറ്റിനു 20 അടി ഉയരത്തിൽ എട്ട് വാട്ടിന്റെ എൽ.ഇ.ഡി ബൾബ് സജ്ജീകരിക്കണം. ബൂത്തിൽ സൗകര്യങ്ങളൊരുക്കാൻ 1750 രൂപയാണ് നൽകുക. ജില്ലയിൽ പോളിംഗ് കമ്പാർട്ട്മെന്റൊരുക്കാൻ 5,21,500 രൂപ കളക്ടർ വാസുകിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും ആരോഗ്യം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് സൗകര്യങ്ങളൊരുക്കും. എല്ലാ ബൂത്തിലും വൈദ്യസഹായം ഉറപ്പുവരുത്തും. ഡോക്ടർമാർ, നഴ്സുമാർ എന്നിവരെയും ആംബുലൻസ് സൗകര്യവും ഉറപ്പുവരുത്തും.
സോഷ്യൽ മീഡിയയ്ക്കും നിശബ്ദപ്രചാരണം
പരസ്യപ്രചാരണം അവസാനിച്ചുകഴിഞ്ഞാൽ പാർട്ടികളോ സ്ഥാനാർത്ഥികളോ സോഷ്യൽമീഡിയയിലൂടെ പ്രചാരണം നടത്താൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. അങ്ങനെയുള്ള ഉള്ളടക്കങ്ങൾ മൂന്നുമണിക്കൂറിനകം നീക്കം ചെയ്യും. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, വെബ്സൈറ്റുകൾ, എസ്.എം.എസുകൾ തുടങ്ങിയവയെല്ലാം നിരീക്ഷണ വിധേയമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് കമ്മിഷന്റെ മുന്നറിയിപ്പ്.
കാലാവസ്ഥ
20നുശേഷം പ്രീ മൺസൂൺ ലഭിച്ചുതുടങ്ങുമെന്നതിനാൽ വോട്ടെടുപ്പ് ദിവസവും മഴയുണ്ടാകാം. ഇനിയുള്ള ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാലുദിവസം ഇടിയോടു കൂടിയ മഴയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
തലസ്ഥാനം
വോട്ടർമാർ - 26,54,470
സ്ത്രീകൾ - 13,95,804
പുരുഷന്മാർ - 12,58,625
ട്രാൻസ്ജെൻഡർ - 14
പോളിംഗ് കേന്ദ്രങ്ങൾ - 2715
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഇതിനായി പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.- ഡോ. കെ. വാസുകി (ജില്ലാ കളക്ടർ)