fire

ലക‌്നൗ: കറുത്ത നിറമായതിന്റെ പേരിൽ ഉത്തർപ്രദേശിൽ ഭാര്യ ഭർത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് സത്യവീർ സിംഗിനെയാണ് ഭാര്യ പ്രേംശ്രീ( 22) പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.

സത്യവീറും പ്രേംശ്രീയും വിവാഹിതരായിട്ട് രണ്ടുവർഷത്തിലധികമായി. ഇരുവർക്കും അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. വിവാഹ ദിവസമാണ് പ്രേം ശ്രീ ആദ്യമായി സത്യവീറിനെ കാണുന്നത് സത്യവീറിന് കറുത്ത നിറമായതിനാൽ പ്രേം ശ്രീക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിന്റെ പേരിൽ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നെന്നും സഹോദരൻ ഹർവീർ സിംഗ് പറഞ്ഞു. വിവാഹത്തിന് മുൻപ് സത്യവീറിനെ പ്രീതി കണ്ടിട്ടുണ്ടായിരുന്നില്ല. പ്രേം ശ്രീ എപ്പോഴും സത്യവീറിനെ നിറത്തിന്റെ പേരിൽ പരിഹസിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുമായിരുന്നുവെന്നും ഇത്ര ക്രൂരത പ്രതീക്ഷിച്ചില്ലെന്നും സഹോദരൻ പൊലീസിനോട് പറഞ്ഞു.

പുലർച്ചെ 5.45ഓടെയാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റ സത്യവീർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തീ പടർന്നുപിടിച്ചതിനെത്തുടർന്ന് പ്രേം ശ്രീയുടെ കാലിലും പൊള്ളലേറ്റിട്ടുണ്ട്.