തിരുവനന്തപുരം: അടുത്ത മഴക്കാലം കൂടി വരവറിയിച്ചതോടെ തലസ്ഥാനത്ത് പകർച്ചപ്പനി പിടിമുറുക്കാതിരിക്കാൻ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണത്തിനായുള്ള നടപടി തുടങ്ങി. ഒരാഴ്ച മുമ്പ് ആരംഭിച്ച മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ശുചീകരണത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീകുമാർ പറഞ്ഞു. മഴക്കാലത്തോടനുബന്ധിച്ച് മാലിന്യസംസ്കരണം, കൊതുകുജന്യ രോഗങ്ങൾ തുടങ്ങിയവ തടയാനുള്ള പ്രവർത്തനങ്ങൾ, ഓടകൾ വൃത്തിയാക്കൽ എന്നിവയ്ക്കാണ് തുടക്കം കുറിച്ചത്.
മാലിന്യ നിർമ്മാർജ്ജനം
പകർച്ചവ്യാധികൾ തടയുന്നതിനായി മാലിന്യ നിർമ്മാർജനത്തിനാണ് ഊന്നൽ നൽകുന്നത്. റോഡരികിലും പറമ്പുകളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഉറവിട മാലിന്യ സംസ്കരണ പദ്ധതികളായ കിച്ചൻബിൻ, ബയോഗ്യാസ് പ്ലാന്റ്, പൊതു മാലിന്യ സംസ്കരണ സംവിധാനമായ എയ്റോബിക് ബിൻ എന്നിവ പരമാവധി പ്രയോജനപ്പെടത്തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. അടുത്തിടെ നഗരത്തിൽ പലയിടങ്ങളിലും നഗരസഭയുടെ നേതൃത്വത്തിൽ എയ്റോബിക് ബിന്നുകളും സ്ഥാപിച്ചു.
ഓടകൾ വൃത്തിയാക്കിത്തുടങ്ങി
നഗരസഭ പരിധിയിലുള്ള ഓടകളുടെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മാലിന്യങ്ങൾ നീക്കംചെയ്ത് ഒഴുക്കു സുഗമമാക്കി വെള്ളക്കെട്ട് ഒഴിവാക്കും. ആമയിഴഞ്ചാൻ തോടുൾപ്പെടെ ഒഴുക്കു നിലച്ച ആറുകളും തോടുകളും കുളങ്ങളും വൃത്തിയാക്കി തുടങ്ങി. വീണ്ടും ഇവിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിക്കും. പൊതുസ്ഥലങ്ങളിലും മറ്റും കാടു പിടിച്ച് കിടക്കുന്ന പാഴ്ചെടികളും പുല്ലുകളും വെട്ടി വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു.
ഫോഗിംഗ് ആൻഡ് സ്പ്രേയിംഗ്
കൊതുകുജന്യ രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ എല്ലാ വാർഡുകളിലും സ്പ്രേയിംഗ്, ഫോഗിംഗ് എന്നിവ നടത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നഗരസഭ മൊസ്കിറ്റോ സെല്ലിന്റെ പ്രവർത്തനം ഊർജിതമാക്കി. ഇതിനായി 77 ആന്റി മൊസ്കിറ്റോ പ്രവർത്തകരുടെ സേവനത്തിനു പുറമേ ശുചീകരണപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുമുണ്ട്. എല്ലാ വാർഡുകളിലും ശുചിത്വാരോഗ്യ സമിതി യോഗം ചേരുന്നുണ്ട്. കൊതുകുജന്യ രോഗ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അൾട്രാ ലോ വോളിയം ഫോഗിംഗാണ് ഇപ്പോൾ വാർഡുകളിലും പൊതു സ്ഥലങ്ങളിലും നടത്തുന്നത്. വളരെ മിതമായ രീതിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന മാസ് ഫോഗിംഗാണ് ഇത്. വാഹനങ്ങളിൽ ഫോഗിംഗ് മെഷീനുകൾ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിലും ഹാൻഡ് സെറ്റ് മെഷീനുകൾ ഉപയോഗിച്ച് വീടുകളിലും പരിസരങ്ങളിലും ആഴ്ചയിലൊരുക്കൽ ഫോഗിംഗ് നടത്തുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കാത്ത വിധത്തിലുള്ള മരുന്നുകളാണ് സ്പ്രേയിംഗിന് ഉപയോഗിക്കുന്നതെന്ന് നഗരസഭാ അധികൃതർ പറയുന്നു.
ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ
ആശാ വർക്കർമാരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ തുടങ്ങി. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ബോധവത്കരണം നടത്തും.