തിരുവനന്തപുരം: 'വിവരവും വിദ്യാഭ്യാസവുമുള്ളവർ രാജ്യം ഭരിച്ചാലേ സാധാരണക്കാർക്കായാലും വിദ്യാസമ്പന്നർക്കായാലും പുരോഗതിയുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ വിദ്യാസമ്പന്നർക്ക് തന്നെയാണ് ഞങ്ങളുടെ വോട്ട് " രാജ്യത്തിന്റെ അടുത്ത ഭരണാധികാരി ആരായിരിക്കണമെന്ന ചോദ്യത്തിന് ചായാതെ ചരിയാതെയുള്ള ടെക്കികളുടെ ഉത്തരം ഉടനെത്തി. മിക്കവാറും സ്ഥാനാർത്ഥികളും വിദ്യാസമ്പന്നരാണല്ലോ എന്ന ചോദ്യമെത്തിയപ്പോൾ ടെക്നോപാർക്ക് ജീവനക്കാരി നീന കുറച്ച് കൂടി തന്റെ നയം വ്യക്തമാക്കി. "നിമിഷ നേരം കൊണ്ട് ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയപ്പെടുന്ന ലോകത്തെ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാകണം, ലോകത്തെ ചലനങ്ങളെക്കുറിച്ച് അറിവുള്ളയാളാകണം, സ്ത്രീകൾക്ക് സുരക്ഷ പേപ്പറുകളിലും പ്രസംഗങ്ങളിലും മാത്രമല്ല. പ്രാവർത്തികമാക്കാൻ കെൽപ്പുള്ളയാളാകണം നമ്മുടെ അടുത്ത ഭരണാധികാരി."
ലോകത്തെ ചലനങ്ങളെക്കുറിച്ച് അറിഞ്ഞാൽ മാത്രം പോരാ അവ നമ്മുടെ രാജ്യത്ത് നടപ്പിലാക്കാനുള്ള കഴിവും വേണം ഒരു നല്ല ഭരണാധികാരിക്കെന്നതാണ് മെറിന്റെ പക്ഷം. എന്നാൽ മെറിന്റെ വാദത്തോട് യോജിക്കാൻ ശില്പയില്ല. ലോകത്ത് പലയിടങ്ങളിലും സഞ്ചരിച്ച് അവിടെയുള്ള പല പദ്ധതികളും ഇന്ത്യയിൽ നടപ്പിലാക്കാൻ നിലവിലെ സർക്കാർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഗുണഭോക്താക്കളായത് വമ്പന്മാർ മാത്രമാണ്. പുതിയ സംരംഭകരെ മുൻനിരയിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നാണ് ശില്പ പറയുന്നത്. ഇങ്ങനെ തിരഞ്ഞെടുപ്പ് ചൂടിൽ പൊള്ളുന്ന ചർച്ചകളുമായി ടെക്കികളും തിരഞ്ഞെടുപ്പ് ആവേശത്തിലാണെന്ന് ചുരുക്കം.
തിരഞ്ഞെടുപ്പ് ആഘോഷമാക്കാനൊരുങ്ങി ടെക്കികൾതലസ്ഥാനത്ത് കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ടെക്കി വോട്ടർമാർ കൂടുതലുള്ളത്. പതിനായിരത്തോളം വോട്ടർമാർ ടെക്നോപാർക്കിലുണ്ടെന്നാണ് ടെക്കികളുടെ സംഘടനകൾ നൽകുന്ന കണക്ക്. ഇവരുടെ വോട്ടുകൾ ആരുടെ അക്കൗണ്ടിലാണ് വീഴുന്നതെന്ന് സംബന്ധിച്ച് മൂന്നു മുന്നണികൾക്കും വ്യക്തമായ ധാരണയൊന്നുമില്ല. അവസാനഘട്ട കണക്കെടുപ്പിലും ഇത് രാഷ്ട്രീയ പാർട്ടികളെ വലയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പൊരുതുന്ന നഗരത്തിലെ നിയോജകമണ്ഡലങ്ങളിൽ. നഗരത്തിലെ മാത്രമല്ല സമീപമണ്ഡലങ്ങളായ ആറ്റിങ്ങൽ, ചിറയിൻകീഴ്, കാട്ടാക്കട, നെടുമങ്ങാട് മണ്ഡലങ്ങളിലും അഞ്ഞൂറിലേറെ ടെക്കി വോട്ടുകൾ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ടെക്കി വോട്ടുകൾ പിടിക്കാൻ മൂന്നു മുന്നണികളും തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. കോൺഗ്രസും ബി.ജെ.പിയും ടെക്കികളുമായി സംവാദങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സി.പി.എമ്മും ടെക്നോപാർക്കിൽ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നു. എങ്കിലും ഫ്ളാറ്റുകളിലും വില്ലകളിലുമായി ചിതറിക്കിടക്കുന്ന വോട്ടുകൾ ആർക്കും സ്വന്തം പെട്ടിയിലേക്ക് ഉറപ്പിക്കാനായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടെക്നോപാർക്കിലെ മുന്നൂറിലധികം കമ്പനികൾക്കും അവധി നൽകിയിരുന്നു. പ്രവർത്തിച്ച സ്ഥാപനങ്ങളും ടെക്കികൾക്ക് വോട്ട് ചെയ്യാനുള്ള സമയം നൽകിയിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ടെക്കികൾ പറയുന്നത്.