തിരുവനന്തപുരം: ഒരു വർഷം 3924 കൊറോണറി ആൻജിയോപ്ലാസ്റ്റികൾ വിജയകരമായി നടത്തിയ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തെ രാജ്യത്തെ ഏറ്റവും മികച്ച (ടോപ്പ് 10) പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. കഴിഞ്ഞ 4, 5 തീയതികളിൽ ലക്നൗവിൽ നടന്ന നാഷണൽ ഇന്റർവെൻഷൻ കൗൺസിൽ മീറ്റിംഗിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് അഭിമാനകരമായ അംഗീകാരം ലഭിച്ചത്. 2018ൽ നടന്ന കൊറോണറി ആൻജിയോപ്ലാസ്റ്റികളിൽ 3,924 എണ്ണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കൂടാതെ ഏറ്റവും നല്ലരീതിയിൽ ഡാറ്റാബേസ് കൈകാര്യം ചെയ്തതിനും പ്രത്യേകം അംഗീകാരം നേടി.
2018 അവസാനത്തോടുകൂടി പുതിയ ഒരു കാത്ത്ലാബ് കൂടി സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷം മുമ്പത്തെക്കാൾ കൂടുതൽ ആൻജിയോപ്ലാസ്റ്റികൾ ചെയ്യാൻ കഴിയുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു.
ഒരുമാസം 450 മുതൽ 600 കേസുകൾ വരെ ആൻജിയോപ്ലാസ്റ്റികളാണ് നടന്നുവരുന്നത്. ഹാർട്ട് അറ്റാക്ക് ആൻജിയോപ്ലാസ്റ്റി മാത്രം കഴിഞ്ഞവർഷം 1200ൽപ്പരം ഉണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കൽ കോളേജിലെ കാത്ത്ലാബുകളിൽ ലഭിക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരുമായ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമായ കാത്ത് ലാബ് 24 മണിക്കൂറും വിശ്രമമില്ലാതെയാണ് പ്രവർത്തിച്ചുവരുന്നത്. ആൻജിയോപ്ലാസ്റ്റിക്കൊപ്പം പേസ്മേക്കർ വച്ചുപിടിപ്പിക്കൽ, ഹൃദയസുഷിരമടയ്ക്കൽ, ഹൃദയപേശികളുടെ പ്രവർത്തനമാന്ദ്യം പരിഹരിക്കൽ, കാർഡിയാക് അറസ്റ്റിനുള്ള ചികിത്സ എന്നിവയടക്കം ഇവിടെ നടന്നുവരുന്നു. അതുകൊണ്ടുതന്നെ കാർഡിയോളജി വിഭാഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 1997ൽ ആദ്യകാത്ത് ലാബ് സ്ഥാപിച്ചത് മുതൽ ഹൃദയസംബന്ധമായ അസുഖത്തിന് മെച്ചപ്പെട്ട ചികിത്സ മെഡിക്കൽ കോളേജിലും ലഭിച്ചുതുടങ്ങി. വൻകിട സ്വകാര്യ ആശുപത്രികളോടുപോലും കിടപിടിക്കുന്ന കാത്ത്ലാബുകളാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിനുള്ളത്.