തിരുവനന്തപുരം: ഒരുകാലത്ത് കോവളമായിരുന്നു തിരുവനന്തപുരത്തിന്റെ പ്രധാന ആകർഷണമെങ്കിൽ ഇപ്പോഴത് ശംഖുംമുഖം കൈയടക്കുന്നു. ചുരുങ്ങിയ പക്ഷം രാഷ്ട്രീയക്കാരെ സംബന്ധിച്ചെങ്കിലും അത് സത്യമാണ്. പ്രധാനമന്ത്രി മുതൽ വെള്ളാപ്പള്ളിവരെയുള്ള നേതാക്കൾ ഇപ്പോൾ തങ്ങുന്നത് ശംഖുംമുഖത്തെ ഹോട്ടലിലാണ്.
ഇക്കുറി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വന്നപ്പോഴും വിശ്രമിക്കാൻ തിരഞ്ഞെടുത്തത് ശംഖുംമുഖത്തെ ഉദയ് സ്യൂട്ട് ഹോട്ടലാണ്. പഞ്ചനക്ഷത്രഹോട്ടലല്ലെങ്കിലും ഉദയ് സ്യൂട്ടിന് ഇപ്പോൾ ഡിമാൻഡേറെയാണ്. രാഹുൽഗാന്ധി ഇത് നാലാമത്തെ തവണയാണ് ഇവിടെയെത്തുന്നത്. വിഷുദിനത്തിൽ രാത്രി എത്തിയ രാഹുൽഗാന്ധി പിറ്റേന്ന് പത്തനംതിട്ടയ്ക്ക് പോകാനാണ് മടങ്ങിയത്. ഇതിനുമുമ്പ് തിരുവനന്തപുരത്ത് വന്നപ്പോഴെല്ലാം അദ്ദേഹം തങ്ങിയതും ഇവിടെയായിരുന്നു. ഉദയ് സ്യൂട്ടിൽ 102-ാം നമ്പർ മുറിയിലാണ് രാഹുൽഗാന്ധി പതിവായി തങ്ങാറുള്ളത്.
സമുദ്രത്തോടുള്ള കാഴ്ച, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായുള്ള അടുപ്പം, വ്യോമസേനാ ക്യാമ്പുള്ളതിനാൽ കനത്ത സുരക്ഷയുള്ള സ്ഥലം, പ്രത്യേക സുരക്ഷയൊരുക്കാൻ അനുയോജ്യമായ കെട്ടിടം, പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകാനുള്ള സൗകര്യം. നഗരത്തിലെവിടെ വേണമെങ്കിലും പെട്ടെന്ന് എത്താനും വിമാനത്താവളം വഴി തിരിച്ചുപോകാനും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് ഹെലികോപ്ടറിൽ പോകാനുള്ള സൗകര്യവുമൊക്കെയാണ് രാഷ്ട്രീയക്കാരെ ഉദയ്സ്യൂട്ട് പ്രിയങ്കരമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ, കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ, മുൻ കരസേനാമേധാവിയും ഇപ്പോൾ മന്ത്രിയുമായ എൻ.കെ. സിംഗ് തുടങ്ങി ഉദയ് സ്യൂട്ട് ഇഷ്ടപ്പെടുന്നവരുടെ നിരയിൽ പ്രമുഖരേറെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നാൽ താമസിക്കുക 106-ാമതെ മുറിയിലാണ്. രാവിലെ യോഗയും പ്രാണായാമയും നിർബന്ധമാണ് മോദിക്ക്. അദ്ദേഹം ഉദയ്സ്യൂട്ടിലെ ഗാർഡനാണിതിന് ഉപയോഗിക്കുക. രാഹുൽഗാന്ധിക്ക് രാവിലെ നടത്തമാണിഷ്ടം. അമിത്ഷാ തനിച്ചാണ് വരുന്നതെങ്കിൽ ഗസ്റ്റ് ഹൗസുകളാണ് തിരഞ്ഞെടുക്കുകയെങ്കിലും കുടുംബമായാണ് വരുന്നതെങ്കിൽ ഉദയ്സ്യൂട്ടിലാണ് തങ്ങുക. പദ്മനാഭസ്വാമി ക്ഷേത്രദർശനം അമിത് ഷായുടെ കുടുംബത്തിന് പ്രിയപ്പെട്ടതാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയ അതിഥികളിലേറെപ്പേർക്കും വെജിറ്റേറിയൻ മെനുവിനോടാണ് പ്രിയം. രാഹുൽഗാന്ധി നോൺ വെജ് മെനു ഉപയോഗിക്കുമെങ്കിലും ചെറിയതോതിൽ മാത്രം. വിഷുവിന് വന്നപ്പോൾ ഒരു ഒാംലെറ്റാണ് നോൺ വെജായി കഴിച്ചത്.
തിരഞ്ഞെടുപ്പായതിനാൽ ഇക്കുറി രാഷ്ട്രീയ അതിഥികളേറെയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവരെല്ലാം കുടുംബവുമായി വെക്കേഷൻ ആസ്വദിക്കാനുമെത്തുമെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രതീക്ഷ.
ഒാഖി വന്നതോടെ ശംഖുംമുഖം കടൽതീരത്തിന്റെ ഒരുഭാഗം അപ്രത്യക്ഷമായി. ഇതോടെ നാടൻ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു. ബീച്ചിൽ അപകടസാധ്യതയേറിയതോടെ കടലിലേക്ക് അധികം പേരെ അടുപ്പിക്കാൻ ബീച്ച് സുരക്ഷാഗാർഡുകൾ അനുവദിക്കാറില്ല. എന്നാലും പദ്മനാഭസ്വാമി ആറാട്ട് നടത്തുന്ന ശംഖുംമുഖത്തിന്റെ സൗന്ദര്യത്തിന് ഒരു കുറവുമുണ്ടായിട്ടില്ല.