തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ ട്രാൻസ്ജെൻഡേഴ്സിനെ ചേർത്തുനിറുത്തുന്നില്ലെന്ന് പറയാൻ കഴിയില്ല, മെമ്പർഷിപ്പ് തരുന്നുമുണ്ട്, എന്നാൽ മറ്റുള്ളവർക്കൊപ്പം നിന്ന് അവരെപ്പോലെ പ്രവർത്തിക്കാനുള്ള അവസരമാണ് ഞങ്ങൾക്ക് വേണ്ടത്- സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പറും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സൂര്യ തിരഞ്ഞെടുപ്പ് ചൂടിലിരുന്ന് സംസാരിക്കുകയാണ്. 4 വർഷം മുൻപ് ഇലക്ഷൻ ഐ.ഡി കാർഡ് കിട്ടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു, ഈ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പേർക്കും ട്രാൻസ് ഐഡന്റിറ്റിയിൽ തന്നെ വോട്ടുചെയ്യാൻ സാധിക്കുമെന്നത് സന്തോഷകരമാണെന്നും സൂര്യ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാൻസ് വ്യക്തി കൂടിയാണ് സൂര്യ.
ലൈംഗിക ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നവർക്കാണ് തങ്ങളുടെ വോട്ടെന്ന് പറഞ്ഞ് നയം വ്യക്തമാക്കുകയാണ് സൂര്യയും കല്പനയും നാദിറയുമടങ്ങുന്ന തിരുവനന്തപുരത്തെ ട്രാൻസ്ജെൻഡർ കൂട്ടായ്മ. രാജ്യത്ത് ആര് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഉടൻ വന്നു നാദിറയുടെ മറുപടി, നിലവിലെ കേന്ദ്രഭരണം മാറണം. ട്രാൻസ്ജെൻഡറുകൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത അധികാരികളാണ് കേന്ദ്രത്തിലുള്ളതെന്നും ലോക്സഭ പാസാക്കിയ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ബില്ല് അതിന് ഉദാഹരണമാണെന്നും പറയുമ്പോൾ നാദിറയുടെ ശബ്ദത്തിൽ രോഷം പുകഞ്ഞു. ആദ്യമായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ് വ്യക്തി കൂടിയാണ് നാദിറ.
രാഹുൽഗാന്ധിക്ക് നല്ല പ്രധാനമന്ത്രിയാകാൻ കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. തങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിന് മാറ്റം വരണമെന്നാണ് കൽപനയ്ക്ക് പറയാനുള്ളത്. രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളെയും ചേർത്ത് നിറുത്താൻ കഴിയണം. ട്രാൻസ്ജെൻഡർ വ്യക്തിയെ മനുഷ്യനായി കാണാത്തതിന്റെ ഉദാഹരണമാണ് കോഴിക്കോട് കൊല്ലപ്പെട്ട ശാലുവെന്നും കൽപന പറയുന്നു.
ട്രാൻസ്ജെൻഡറായ ചിഞ്ചു അശ്വതി കേരളത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയാകുന്നതും ഇവർക്ക് സന്തോഷം പകരുന്നു. ജയവും തോൽവിയുമല്ല വിഷയമെന്നും തങ്ങളുടെ അസ്തിത്വം തെളിയിക്കാൻ ഇത്തരം ഇടപെടലുകൾ കൊണ്ട് സാധിക്കുമെന്നും സൂര്യ. വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളവർ തന്നെയാണ് ഓരോ ട്രാൻസ്വ്യക്തികളുമെന്നും പാർട്ടികൾ വ്യത്യസ്തങ്ങളാണെങ്കിലും ഓരോ വിഷയങ്ങളിലും തങ്ങളുടേതായ അഭിപ്രായം ഉണ്ടെന്നും നാദിറ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലും ഒരുകൈ നോക്കുമോയെന്ന് ചോദിച്ചപ്പോൾ തെല്ലും സംശയിക്കാതെ മറുപടി വന്നു, ഞങ്ങൾക്കും എല്ലാവരേയുംപോലെ പ്രവർത്തിക്കാൻ കഴിയും എന്ന് തെളിയിക്കാൻ അവസരം കിട്ടിയാൽ രാഷ്ട്രീയത്തിൽ ഇറങ്ങും. ചർച്ച ചൂടുപിടിക്കുകയാണ്, ആർക്കാണ് വോട്ട് എന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും ഇത്തവണ മത്സരം കടുക്കുമെന്ന് ഒറ്റസ്വരത്തിൽ പറയുന്നു ഇവർ.