നേമം: പേരിൽ താലൂക്ക് ആശുപത്രിയെന്നുണ്ടെങ്കിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ് ശാന്തിവിള ആശുപത്രി.
ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കുകയും വികസനപ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാരായ രോഗികൾക്ക് ഉപയോഗപ്രദമാകുന്നില്ല എന്ന് ആക്ഷേപമുണ്ട്. ദേശീയ ആരോഗ്യമിഷൻ അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ച് പ്രധാന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ട് 3 വർഷമായെങ്കിലും രോഗികൾക്ക് അവിടെ എത്തിപ്പെടണമെങ്കിൽ പടികൾ മാത്രമാണ് ആശ്രയം. ഒരു ലിഫ്ടോ റാംപോ ഇല്ലാത്തതിനാലാണ് കെട്ടിടം ഉപയോഗിക്കാൻ കഴിയാതെ പൂട്ടിയിടേണ്ടി വന്നത്.
ലിഫ്ടിന് വേണ്ടിയുള്ള ഫണ്ട് ആരോഗ്യമിഷൻ നേരത്തേ അനുവദിച്ചിരുന്നു. എന്നാൽ ലിഫ്ടിനായി കുഴിയെടുക്കാൻ കരാറുകാർ എത്തിയപ്പോൾ സ്ഥലവാസികളും കൗൺസിലർമാരുമുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയെന്നാണ് ആശുപത്രി അധികൃതരും നേമം റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാൻസും പറയുന്നത്. അവിടേക്കുള്ള ഇരുമ്പു കട്ടിലുകളും മറ്റ് സാമഗ്രികളും തുരുമ്പെടുത്തു തുടങ്ങി. കഴിഞ്ഞ വർഷം ജൂണിൽ കൗൺസിലർ സഫീറ ബീഗത്തിന്റെ നേതൃത്വത്തിൽ മൂന്നാം നില തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും നഴ്സുമാരുടെയും മറ്റ് സൗകര്യങ്ങളും കുറവായതിനാലും ഉദ്ഘാടനം കഴിയാത്തതുകൊണ്ടും പിന്നെയും പൂട്ടിയിട്ടു. കോർപറേഷൻ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് ടോയിലറ്റ് കോംപ്ലക്സ് പണികഴിപ്പിച്ചിട്ട് ഒന്നര വർഷമായെങ്കിലും ഇതുവരെ വൈദ്യുതി നൽകിയിട്ടില്ല. ലക്ഷങ്ങൾ മുടക്കി സോളാർ പാനൽ സ്ഥാപിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു.
പക്ഷേ, ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആശുപത്രിയുടെ ഒരു മേഖലയിലും ഉപയോഗിക്കുന്നില്ല. കോർപറേഷന്റെ മേൽനോട്ടത്തിൽ കെൽട്രോൺ ആണ് പാനൽ ഘടിപ്പിച്ചിരിക്കുന്നത്. അപകടങ്ങൾ തുടർക്കഥയായ നേമം മേഖലയിൽ അപകടത്തിൽപെട്ടവരെ അടിയന്തര ശുശ്രൂഷയ്ക്ക് എത്തിക്കാൻ ആശുപത്രിക്ക് സ്വന്തമായി ആംബുലൻസില്ല. ആംബുലൻസ് അനുവദിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ഫ്രാൻസിന്റെ സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ പറഞ്ഞു.