അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം അമേരിക്കയിലേക്ക് പറന്ന മെഗാ താരം മോഹൻലാൽ വെള്ളിയാഴ്ച തിരിച്ചെത്തും.തലസ്ഥാനത്ത് പറന്നിറങ്ങുന്ന താരം തൊട്ടടുത്ത ദിവസം (ശനി )മലയാള സിനിമയുടെ ഗുരുകാരണവരായിരുന്ന പി. സുബ്രഹ്മണ്യത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതിയ പി. സുബ്രഹ്മണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യർ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 5.30 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മധുവിൽ നിന്നാണ് മോഹൻലാൽ പുസ്തകമേറ്റു വാങ്ങുന്നത്. തൃശൂരിൽ ചിത്രീകരണമാരംഭിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലാണ് മോഹൻലാൽ ഇനി അഭിനയിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബിജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണിയിൽ ഏപ്രിൽ 25നാണ് മോഹൻലാൽ ജോയിൻ ചെയ്യുന്നത്.
ഹണിറോസും രാധികാ ശരത്കുമാറുമാണ് ഇട്ടിമാണിയിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചൈനയിൽ ജനിച്ച് തൃശൂരിൽ വളർന്ന ഇട്ടിമാണി എന്ന രസകരമായ കഥാപാത്രത്തെയാണ് കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഇൗ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനുശേഷം മോഹൻലാൽ തൃശൂർ സ്ളാംഗിൽ സംസാരിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ഇൗ ചിത്രത്തിനുശേഷം സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദറിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. എസ് ടാക്കീസും വൈശാഖ സിനിമയും ചേർന്നാണ് നിർമ്മിക്കുന്നത്.