si

കൊല്ലം: അളിയന്മാരെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ലോക്കൽ പൊലീസിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. തൃക്കോവിൽവട്ടം കിഴവൂർ കന്നിമേൽ തെക്ക് ഷെമീനാ മൻസിലിൽ സുധീർ, സഹോദരി ഭർത്താവ് കണ്ണനല്ലൂർ കുളപ്പാടം കാഞ്ഞാംകുഴി വീട്ടിൽ സിദ്ധിഖ് എന്നിവരെ 2013 ജനുവരിയിൽ അന്നത്തെ കൊട്ടിയം എസ്.ഐ ആർ.രാജേഷും സിവിൽ പൊലീസ് ഓഫീസർ ശെൽവരാജനും കള്ളക്കേസിൽ കുടുക്കിയെന്ന പരാതി പരിഗണിച്ച നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മജീദ് കുട്ടി എന്ന ആൾ സുധീറിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് അ‌‌ഞ്ച് വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വസ്‌തുവിലേക്കുള്ള വഴി തർക്കത്തിന്റെ പേരിലാണ് മജീദ് കുട്ടി സുധീറിനെ മർദ്ദിച്ചത്. തുടർന്ന് മജീദ് കുട്ടിയെ പൊലീസ് സ്‌‌റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്‌ത് വിട്ടയച്ചു. പിറ്റേന്ന് സുധീറിനെയും സിദ്ധിഖിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മജീദ് കുട്ടിയെ ഇരുവരും ചേർന്ന് മർദ്ദിച്ചെന്ന് കേസാക്കി. ഇത് പ്രകാരം എഫ്‌.ഐ.ആറും തയ്യാറാക്കി.

ഇതിനെതിരെ സുധീറും സിദ്ധിഖും അന്നത്തെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. തുടർന്ന് കൊല്ലം ഡി.സി.ആർ.ബി എ.സി.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. എന്നാൽ മൂന്ന് മാസം വരെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. തുടർന്ന് സുധീർ സിറ്റി പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്ക് ആർ.ടി.ഐ ആക്‌ട് പ്രകാരം അപേക്ഷ നൽകി. മുപ്പത് ദിവസത്തിനകം മറുപടി കിട്ടേണ്ടുന്ന അപേക്ഷയിൽ 52 ദിവസങ്ങൾക്ക് ശേഷമാണ് മറുപടി ലഭിച്ചത്. സംഭവത്തിൽ സിറ്റി പൊലീസ് ആസ്ഥാനത്തെ വിവരാവകാശ കമ്മിഷണർക്ക് 12,750 രൂപാ സംസ്ഥാന വിവരാവകാശ കമ്മിഷണർ പിഴ ചുമത്തിയിരുന്നു.

തുടർന്നാണ് നീതിക്കായി സുധീറും സിദ്ധിഖും നിയമസഭാ സമിതിയെ സമീപിച്ചത്. ഇതുപ്രകാരം പൊലീസ് ആസ്ഥാനത്തെ ഒരു ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല നൽകി. അന്വേഷണത്തിൽ എസ്.ഐ ഗുരുതരമായ വീഴ്‌ച കാട്ടിയതായി റിപ്പോർട്ട് വന്നു. തുട‌ർന്ന് എസ്.ഐയുടെ ഇൻക്രിമെന്റ് തടയാൻ അന്നത്തെ ഐ.ജി മനോജ് എബ്രഹാം ഉത്തരവിട്ടു.

നിയമസഭാ സമിതി കേസിന്റെ പുരോഗതി ആരായാൻ കഴിഞ്ഞ മാർച്ചിൽ സുധീറിനെയും സിദ്ധിഖിനെയും ഹിയറിംഗിന് ക്ഷണിച്ചു. ഇരുവരുടെയും അഭിപ്രായം കേട്ട ശേഷമാണ് നിയമസഭാ സമിതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്‌തത്.

2013ൽ സുധീർ എസ്.ഐ ടെസ്റ്റ് പാസായി കായിക ക്ഷമത പരീക്ഷയ്‌ക്ക് കാത്ത് നിൽക്കുമ്പോഴായിരുന്നു എസ്.ഐ അകാരണമായി കേസിൽ വാദിയെ പ്രതിയാക്കിയത് എന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സുധീറിന്റെ എസ്.ഐ സെലക്ഷൻ തടയാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും അവർ ആരോപിക്കുന്നു. എഴുത്തു പരീക്ഷ പാസായ സുധീറിനെ ശാരീരിക ക്ഷമത പരിശോധന വേളയിൽ പൊക്കക്കുറവിനെ തുടർന്ന് ഒഴിവാക്കി. എസ്.ഐക്കെതിരെ നടപടി ഉണ്ടായിട്ടും സുധീറിനെ ഇനിയും പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാൽ ഡി.സി.ആർ.ബി നടത്തിയ പുനരന്വേഷണത്തിൽ സിദ്ധിഖിനെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.