കൊല്ലം: സുഹൃത്തിനൊപ്പം കൊല്ലം ബീച്ചിലെത്തിയ ഡിഗ്രി വിദ്യാർത്ഥിനിയെ തിരയിൽപ്പെട്ട് കാണാതായി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ഒന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥിനി കുണ്ടറ പുലിയില കല്ലുവെട്ടാംകുഴി വിനോദ് ഭവനിൽ പരേതനായ വിനോദിന്റെയും രാധാമണിയുടെയും മകൾ രാധികയെയാണ് (19)കാണാതായത്. രാധികയെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്ത് പുനലൂർ വാളക്കോട് സ്വദേശി ബിബിൻ തിരയിൽപ്പെട്ടെങ്കിലും ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബീച്ചിൽ കാൽ നനയ്ക്കുന്നതിനിടെയാണ് രാധിക തിരയിൽ അകപ്പെട്ടത്. ബിബിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പെൺകുട്ടിയ്ക്കായി തീരക്കടലിൽ കോസ്റ്റ്ഗാർഡും മത്സ്യതൊഴിലാളികളും രാത്രി വൈകിയും തെരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ മാസം 24ന് ബീച്ചിൽ കാൽ നനയ്ക്കുന്നതിനിടെ കൊട്ടിയം സ്വദേശികളായ യുവ ദമ്പതികൾ തിരയിൽ അകപ്പെട്ട് മരിച്ചിരുന്നു.