തിരുവനന്തപുരം: നോട്ടീസടക്കമുള്ള യാതൊരു മുന്നറിയിപ്പുകളും നൽകാതെയാണ് ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ളക്സുകൾ നീക്കം ചെയ്തതെന്ന് കർമ്മസമിതി സംസ്ഥാന വർക്കിംഗ് ചെയർപേഴ്സൺ കെ.പി. ശശികല പത്രസമ്മേളനത്തിൽ ആരോപിച്ചു.
രാഷ്ട്രീയം പറയാതെയും ചിഹ്നങ്ങൾ പ്രദർശിപ്പിക്കാതെയും ബോർഡുകൾ സ്ഥാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയിരുന്നു. എന്നാൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം എന്ന് പറഞ്ഞ് ഇരുളിന്റെ മറവിൽ ഉദ്യോഗസ്ഥർ ഫ്ളക്സുകൾ നീക്കം ചെയ്തു. സംസ്ഥാന സർക്കാർ ആരെയൊക്കെയോ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പിൽ ശബരിമലയെപ്പറ്റി മിണ്ടരുതെന്ന് ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ബാബ്രി മസ്ജിദും ഗുജറാത്ത് കലാപവും വിലക്കാത്തത്. ആശയപ്രചാരണത്തിനുള്ള അവകാശമാണ് ലംഘിക്കപ്പെട്ടത്. വിഷയത്തിൽ പരാതി നൽകുമെന്നും സംഘടനാപരമായി പ്രതിഷേധിക്കുമെന്നും ശശികല വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാൽ ചൊറിച്ചിലാണ്. കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്. പിണറായി സർക്കാരിനെതിരെ തങ്ങൾ പ്രതിഷേധിക്കുക തന്നെ ചെയ്യും. ശബരിമല വിഷയം ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം എന്തുകൊണ്ടാണ് ശബരിമല ശാന്തമായതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആറ്റിങ്ങലിൽ നിന്ന് കർമ്മസമിതിയുടെ ലഘുലേഖകൾ പിടിച്ചെടുത്ത ഉദ്യോഗസ്ഥർ അവിടത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ നോട്ടീസിലെ ചട്ടലംഘനങ്ങൾ പരിശോധിക്കാൻ തയ്യാറാകുന്നില്ല. ഇതുസംബന്ധിച്ച് സുപ്രീംകോടതിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുമെന്നും ശശികല പറഞ്ഞു.
ശബരിമല കർമ്മസമിതി സംസ്ഥാന കൺവീനർ ഇ.എസ്. ബിജു, ജില്ലാ കൺവീനർ വഴയില ഉണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി. ജ്യോതീന്ദ്രകുമാർ, കേരള ക്ഷേത്രസംരക്ഷണ സമതി ജില്ലാ ജനറൽ സെക്രട്ടറി ഷാജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.