vote

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്‌നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 1629 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. രാജ്യത്തെ 18 ശതമാനത്തോളം വോട്ടർമാരാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

തമിഴ്നാട്ടിൽ നടൻ രജനികാന്ത്,​ നടനും മക്കൾ നീതിമയ്യം സ്ഥാപകനുമായ കമൽഹാസൻ,​​ നടി ശ്രുതി ഹാസൻ,​ ഡി.എം.കെ നേതാവും സ്ഥാനാർത്ഥിയുമായി കനിമൊഴി തുടങ്ങി നിരവധി പ്രമുഖർ വോട്ട് രേഖപ്പെടുത്തി. കർണാടകയിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ,​ സ്വതന്ത്ര സ്ഥാനാർത്ഥി നടൻ പ്രകാശ് രാജ് പുതുച്ചേരിയിൽ ഗവർണർ കിരൺ ബേദി വോട്ട് രേഖപ്പെടുത്തി.

voting

തമിഴ്‌നാട് (38), കർണാടക (14), മഹാരാഷ്ട്ര (10), ഉത്തർപ്രദേശ് (8), അസം (5), ബിഹാർ (5), ഒഡിഷ (5), ഛത്തീസ്ഗഢ് (3), ബംഗാൾ (3), ജമ്മുകശ്മീർ (2), മണിപ്പൂർ (1), പുതുച്ചേരി (1) എന്നിവിടങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‍ലി, ഹേമമാലിനി, അൻപുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻരാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ നേതാക്കളാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ.

voting

വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്‌നങ്ങളെ തുടർന്ന് ത്രിപുര ഈസ്റ്റിലെയും തിരഞ്ഞെടുപ്പുകൾ കമ്മീഷൻ മാറ്റിവച്ചിട്ടുണ്ട്. ത്രിപുരയിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക.