love

ശൂരനാട്: അഞ്ച് വർഷങ്ങൾക്ക് മുമ്പ് നാട് വിട്ടു പോയ ആനയടിയിൽ വഞ്ചിമുക്കിലുള്ള മണ്ണത്ത് വീട്ടിൽ റജീനയുടെ ഭർത്താവ് ഷാബുവിനെ ശൂരനാട് പൊലീസ് കണ്ടെത്തി. ഭാര്യയുമായുണ്ടായ ചെറിയ പിണക്കത്തെ തുടർന്ന് 2015 ലാണ് ഷാബു വീട് വിട്ട് പോയത്. തിരിച്ചു വരാതായപ്പോൾ ഭാര്യ റജീന ശൂരനാട് പൊലീസിൽ പരാതി നൽകി. ഷാബുവിന് മെത്തക്കച്ചവടമായിരുന്നു ജോലി. പൊലീസ് അന്നു നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. ഷാബു മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലായിരുന്നു. കാണാതായ കേസുകളിൽ തുടരന്വേഷണം നടത്തുന്നതിനിടെയാണ് ശൂരനാട് പൊലീസ് ഷാബുവിനെ കണ്ടെത്തിയത്.

പള്ളികളും മദ്രസകളും ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ ഷാബുവിനെപ്പറ്റി വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിനെ തുടർന്നാണ് ഷാബു പൊള്ളാച്ചിയിൽ ഉണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. പൊള്ളാച്ചിയിലെ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ചിത്ര കാന്റീൻ എന്ന ഹോട്ടലിൽ നിന്നാണ് ഷാബുവിനെ പൊലീസ് കണ്ടെത്തിയത്. കാണാതായ ശേഷം ഷാബു വീടുകളിൽ ഫ്‌ളോർ മാറ്റ് കൊണ്ടു നടന്ന് വിൽക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ആറു മാസത്തിനുശേഷം ഷാബു പൊള്ളാച്ചിയിലേക്ക് വണ്ടികയറി. അവിടെ ചിത്ര കാന്റീനിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ജോലി നോക്കിവരുകയായിരുന്നു. അങ്ങനെ ശൂരനാട് പൊലീസ് സ്റ്റേഷൻ ഭാര്യാ ഭർത്താക്കൻമാരുടെ പുനഃസമാഗമത്തിനുള്ള വേദിയായി. സി.ഐ. ശാന്തകുമാർ, എസ്.ഐ. പി. ശ്രീജിത്ത്, എ.എസ്.ഐ അജി സാമുവൽ, ജി.സി.പി.ഒ സുരേഷ് ബാബു, സി.പി.ഒ നൗഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.