ഹൈദരാബാദ്: തെലങ്കാനയിലെ വിക്രമബാദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സീരീയൽ നടിമാർ മരിച്ചു. സീരിയൽ താരങ്ങളായ ഭാർഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷൻ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് അനന്തഗിരി കാട്ടിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവർ.
എതിർവശത്ത് വന്ന ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി കാർ വെട്ടിച്ച് മാറ്റിയപ്പോൾ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഭാർഗവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അനുഷയെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.
ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന സഹായി വിനയ് കുമാർ, ഡ്രൈവർ ചക്രി എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. തെലങ്കാനയിലെ നിർമൽ സ്വദേശിയായ ഭാർഗവി സീ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മുഗ്ഗു എന്ന ജനപ്രിയ സീരിയലിലൂടെയാണ് പ്രശസ്തയായത്.