കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ വധശ്രമത്തന് കേസെടുത്തു. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ മർദനത്തെ തുടർന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജുവനെെൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. നില അതീവഗുരുതരമായി തുടരുന്നെന്ന് ഡോക്ടർമാർ വിശദമാക്കിയിട്ടുണ്ട്.
തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവിൽ വെന്റിലേറ്റർ ഉപയോഗിച്ചാണ് ജീവൻ നിലനിറുത്തുന്നതെന്നും ആശുപത്രി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
വീടിന്റെ ടെറസിൽ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾ പറയുന്നത്. എന്നാൽ,പരിശോധനയിൽ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളിൽ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിലും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരേയും വിവരം അറിയിക്കുകയായിരുന്നു.