voting-machine

സിൽചർ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾ തികയും മുൻപേ വോട്ടിംഗ് മെഷീനുകൾ തകരാറിലായി. വോട്ടിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ തികയും മുൻപേ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായ വിവരം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലുള്ള അഞ്ചിടങ്ങളിൽ മെഷീനുകൾ തകരാറിലായതായി ജില്ലാ മജിസ്‌ട്രേറ്റ് ആസ്തിക് കുമാർ പാണ്ഡെ അറിയിച്ചു. സംഭവത്തെ തുടർന്ന് പോളിംഗ് ബൂത്തുകളിൽ നിന്ന് വോട്ടർമാർ മടങ്ങിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂരിലെ ചിലയിടങ്ങളിലും ഇതേ പ്രശ്‌നം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്‌നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 1629 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. രാജ്യത്തെ 18 ശതമാനത്തോളം വോട്ടർമാരാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.