തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പിനു പിന്നാലെ സ്ഥാനാർത്ഥികൾ കേസ് വിവരങ്ങൾ പരസ്യപ്പെടുത്തി തുടങ്ങി. വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ബി.ജെ.പി സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി, പത്തനംതിട്ട ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ എന്നിവർ കേസ് വിവരം സംബന്ധിച്ച പത്ര പരസ്യം നൽകി. രാഹുലിനെതിരെ അഞ്ച് കേസുകളാണ് ഉള്ളത്. ഇതിൽ രണ്ട് കേസുകൾ തീർപ്പ് കൽപ്പിച്ചു. അപകീർത്തിപരമായ പരാമർശം നടത്തിയതിന് എതിരെയാണ് രാഹുലിനെതിരെയുള്ള അഞ്ച് കേസുകളും.
തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആറ് കേസുകളാണ് ഉള്ളത്. ആറ് കേസുകളിലും നിലവിൽ അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കേസുള്ള സ്ഥാനാർത്ഥികളിലൊരാൾ കെ.സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രൻ പരസ്യപ്പെടുത്തിയിരിക്കുന്നത്. നാല് പേജുകളിലായാണ് പരസ്യം നൽകിയിരിക്കുന്നത്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കാസർകോട്, ആലപ്പുഴ എന്നീ ജില്ലകളിൽ കേസുകളുണ്ട്. അധികവും പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്. കൂടാതെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്.
കഴിഞ്ഞ വർഷം സെപ്തംബർ ഒമ്പതിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടത്. അതാത് ജില്ലകളിൽ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിൽ വോട്ടടുപ്പിന് 48 മണിക്കൂർ മുൻപ് മൂന്ന് തവണ പരസ്യം നൽകിയിരിക്കണം. ടെലിവിഷനിൽ 7 സെക്കന്റ് ദൈർഘ്യമുള്ള പരസ്യമാണ് നൽകേണ്ടത്. ഈ ഉത്തരവ് നടപ്പിലാക്കാൻ സുപ്രീംകോടതിയുടെ കർശന നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മിഷന് കിട്ടിയിട്ടുണ്ട്.
75 ലക്ഷം രൂപയാണ് സ്ഥാനാർത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതിൽ ഉൾക്കൊള്ളിക്കുമ്പോൾ, തിരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലെന്നാണ് പാർട്ടികളുടെ ആക്ഷേപം. എന്നാൽ, സുപ്രീംകോടതിയുടെ ഉത്തരവിൽ ഇളവ് നൽകാൻ തിരഞ്ഞടുപ്പ് കമ്മിഷന് കഴിയില്ല. സ്ഥാനാർത്ഥികൾ പുറമെ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളുടെ പേരിലുളള കേസ് വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.